പാർട്ടിയുടെ ആഡംബരം പറഞ്ഞാൽ അവസാനിക്കാത്തതായിരുന്നു. 1971ൽ 100 മില്ല്യൺ ഡോളർ ചെലവായെങ്കിൽ ആഡംബരത്തിന്റെ തോത് ഊഹിക്കാവുന്നതേയുള്ളൂ. പേർഷ്യൻ സാമ്രാജ്യത്തിന്റെ 2500ാം വാർഷികത്തിന്റെ ആഘോഷമായിരുന്നു അന്ന് ഇറാനിൽ നടന്നത്. പക്ഷേ ചരിത്രം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സാധാരണക്കാർക്കിടയിൽ വിരുന്ന് ഉണ്ടാക്കിയ അതൃപ്തി ചില്ലറയൊന്നുമല്ല. സാമ്പത്തിക തകർച്ച നേരിടുന്നതിനിടയിൽ ഇത്രയും വലിയ വിരുന്ന് നടത്തിയത് ജനങ്ങളുടെ കോപത്തിന് കാരണമാകുകയും ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ഊർജമാകുകയും ചെയ്തു.
ഒടുവിൽ 1979ൽ ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ വിപ്ലവം നടപ്പായി. അതോടുകൂടി ഇറാനിൽ അതുവരെ നിലനിന്നിരുന്ന ലിബറൽ സംസ്കാരത്തിന് അന്ത്യമാകുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും ആഡംബര പാർട്ടിയായി അംഗീകരിക്കപ്പെട്ട മുഹമ്മദ് റെസാ ഷായുടെ ആതിഥേയത്വത്തിൽ നടന്ന അതിഗംഭീരമായ ആഘോഷം രണ്ടര സഹസ്രാബ്ദം നീളുന്ന പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി.
1941-ലാണ് മുഹമ്മദ് റെസ ഷാ അധികാരമേറ്റെടുത്തത്. ഹിജാബ് പോലുള്ള ആചാരങ്ങളെ എതിർത്ത് പാശ്ചാത്യ സംസ്കാരത്തെയും ലിബറൽ വീക്ഷണങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇത് മത പുരോഹിതരുടെ എതിർപ്പിന് കാരണമായി. ഒടുവിൽ ജനക്ഷോഭം ശക്തമായതിനെ തുടർന്ന് 1979ൽ ഷാ പലായനം ചെയ്തു. നാടുകടത്തിയ ആയത്തുള്ള ഖൊമേനി മടങ്ങിയെത്തി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചു. പുതിയ ഭരണകൂടം ഇസ്‌ലാമിക നിയമം നടപ്പാക്കി. വിപ്ലവത്തിന് ഒരുവർഷത്തിന് ശേഷം മുഹമ്മദ് റെസ മരിച്ചതോടെ പേർഷ്യൻ സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരിയും ഇല്ലാതായി.