സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ ‘ചലോ ഡൽഹി’ പ്രതിഷേധത്തിന് നേതൃത്വം നൽകും. കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം കടുത്ത അവഗണന നേരിടുകയാണെന്നാണ് കർണാടക സർക്കാരിൻ്റെ പരാതി.
ബുധനാഴ്ച രാവിലെ 11 മണിക്കാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ, കോൺഗ്രസ് മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ ബെംഗളൂരുവിൽ നിന്ന് ഇന്നലെ തന്നെ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കും കത്ത് നൽകിയിരുന്നു. ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാൻ്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി. ധനമന്ത്രി നിർമ്മല സീതാരാമനോടും പ്രതിഷേധത്തിൽ പങ്കെടുക്കാനും കത്തിൽ അഭ്യർത്ഥിച്ചു.