24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ബജറ്റില്‍ മട്ടന്നൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന
Uncategorized

ബജറ്റില്‍ മട്ടന്നൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന

പഴശ്ശി-സാഗര്‍ ജലവൈദ്യുത പദ്ധതിക്ക് 10 കോടി, കാഞ്ഞിരോട് കൈത്തറി ഗ്രാമത്തിന് 2.33 കോടി ബജറ്റില്‍ മട്ടന്നൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന

2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ മട്ടന്നൂര്‍ മണ്ഡലത്തിന് 38 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി. ജില്ലയിലാകെയുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമാവുന്ന പഴശ്ശി ജലസേചന പദ്ധതിക്കും പഴശ്ശി സാഗര്‍ ജല വൈദ്യുത പദ്ധതിക്കും ഉള്‍പ്പെടെ സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് 2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുമതി ലഭിച്ചതെന്ന് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ പറഞ്ഞു.

കെഎസ്ഇബി നേരിട്ട് നടത്തുന്ന മിനി ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കുയിലൂരിലെ 33 കെവി സബ്‌സ്റ്റേഷനില്‍ എത്തിച്ചാണ് വിതരണം ചെയ്യുക 25.16 മില്യണ്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ് പദ്ധതി. 2024 ല്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജില്ലയുടെ വൈദ്യുത പ്രതിസന്ധിക്ക് വലിയതോതില്‍ ആശ്വാസമാവും.
സമ്പന്നമായ സാഹിത്യ-സാംസ്‌കാരിക പാരമ്പര്യമുള്ള മണ്ഡലത്തില്‍ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുതകുന്നൊരു കേന്ദ്രം മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. മട്ടന്നൂര്‍ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 4 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. കെട്ടിടം പൂര്‍ത്തിയാവുന്നതോടെ മണ്ഡലത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഇതിനെ മാറ്റാന്‍ സാധിക്കും.
പശ്ചാത്തല ഗതാഗത മേഖലയില്‍ ഇനിയുമേറെ മുന്നേറാനുള്ള മണ്ഡലത്തില്‍ ആയിത്തര-ഗോശാല റോഡ്, കൊളപ്പ-നായിക്കാലി ലിങ്ക് റോഡ്, എടയാര്‍-ആലച്ചേരി റോഡ് ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ആയിത്തര-ഗോശാല റോഡ് മെക്കാഡം പ്രവൃത്തിക്കായി 4 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മറ്റ് പിഡബ്ല്യുഡി റോഡുകളുടെ നവീകരണത്തിന് തുക അനുവദിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു.
പരമ്പരാഗത വ്യവസായ മേഖലയില്‍ മട്ടന്നൂരിനെ അടയാളപ്പെടുത്താന്‍ പോകുന്ന പദ്ധതിയാണ് കൂടാളി പഞ്ചായത്തിലെ കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതി. പദ്ധതിക്കായി 2.33 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി നേരത്തെ 50 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു.
മണ്ഡലത്തിന്റെ മലയോര മേഖലയായ കോളയാട് ടൗണ്‍ നവീകരണത്തിന് 2 കോടി രൂപ അനുവദിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലുള്ള ഈ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തികമായ ഉന്നമനത്തിനും പദ്ധതി സഹായകമാവും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി 1 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ജില്ലയിലെയാകെ കാര്‍ഷിക മേഖലയ്ക്ക് സഹായകമാവുന്ന പഴശ്ശി ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിലൂടെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജലവിതരണം വിജയകരമായി പൂര്‍ത്തീകരിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി 15 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
തില്ലങ്കേരിയില്‍ അന്താരാഷ്ട്ര യോഗാ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ 2 കോടി അനുവദിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ സമര്‍പ്പിക്കുന്നതിന് ബജറ്റില്‍ നിര്‍ദേശമുണ്ട്. മട്ടന്നൂര്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സിന്റെ ഭൂമിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ നടന്നുവരികയാണ് ഇത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പദ്ധതിയുടെയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം ബജറ്റില്‍ ഉണ്ട്.

Related posts

രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്; ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

കാസർകോട് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

Aswathi Kottiyoor

ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

Aswathi Kottiyoor
WordPress Image Lightbox