മട്ടന്നൂർ: മരുതായി- മണ്ണൂർ – ഇരിക്കൂർ പാതയിൽ നായിക്കാലിയിൽ പ്രളയത്തിൽ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്ന റോഡ് പുനർ നിർമിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു.
ഒട്ടേറെ പ്രക്ഷോഭങ്ങളും പ്രതിഷേധത്തിനും ശേഷമാണ് റോഡ് പ്രവർത്തി ഈ പുരോഗതിയിൽ എത്തിയത്. ഇക്കഴിഞ്ഞ ഡിസംബറോടെ ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ മുൻപ് പറഞ്ഞിരുന്നത്. റോഡ് പണി എങ്ങുമെത്താതെ ഇടയ്ക്ക് നിലച്ചപ്പോൾ നാട്ടുകാർ പ്രതിഷേധ സമ്മേളനവും റോഡ് ഉപരോധവും നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
പിന്നീട് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥരുടെ സംഘം പ്രവർത്തി പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകിയതോടെ വേഗത കൈവരിച്ച പ്രവർത്തി ഏകദേശം പൂർത്തിയാകുന്ന അവസ്ഥയിലാണുള്ളത്. നായിക്കാലി കള്ള് ഷാപ്പ് ഭാഗത്ത് പ്രവർത്തി ഇനിയും മുന്നേറാൻ ഉണ്ടെങ്കിലും ബാക്കി ഭാഗത്ത് സൈഡ് ഭിത്തി കെട്ടി മണ്ണ് നിറയ്ക്കുന്ന പ്രവർത്തി ത്വരിത ഗതിയിൽ ആണ് നടക്കുന്നത് എന്നത് ഉടൻ പ്രവർത്തി പൂർത്തി ആവും എന്ന പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.
പുതിയ രണ്ട് ബസ്സുകൾ ഈ വഴിയിലൂടെ സർവീസ് ആരംഭിച്ചത് നാട്ടുകാർക്ക് കുറച്ച് ആശ്വാസം നൽകുന്നുണ്ട്.