മുംബൈ: ശിവസേനാ നേതാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് വെടിവച്ച് ബിജെപി എംഎൽഎ. ശിവസേനാ നേതാവായ മഹേഷ് ഗെയ്ക്ക്വാദിനാണ് പൊലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റത്. ബിജെപി എംഎൽഎയായ ഗണ്പത് ഗെയ്ക്ക്വാദാണ് വെടിയുതിർത്തത്. ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന വസ്തു തർക്കത്തിന്റെ തുടർച്ചയാണ് വെടിവയ്പിൽ കലാശിച്ചത്.പൊലീസ് സ്റ്റേഷനിൽ എത്തിയ ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിനെ ഗണ്പത് ഗെയ്ക്ക്വാദ് നാല് റൌണ്ട് വെടി മഹേഷ് ഗെയ്ക്ക്വാദിന് നേരെ വയ്ക്കുകയായിരുന്നു. ശിവ സേനാ എംഎൽഎയായ രാഹുൽ പാട്ടീലിനും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശിവസേനാ നേതാക്കൾക്ക് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.