പുതിയ കാലഘട്ടത്തില്‍ ചുരുങ്ങിയ കാലയളവില്‍ കൊയ്‌തെടുക്കുന്ന നെല്‍വിത്തുകള്‍ കൃഷിയിറക്കുമ്പോഴും തനിക്കുള്ള ഒരേക്കര്‍ പാടത്തിലെ പത്ത് സെന്റ് സ്ഥലം മാമാങ്കത്തിനുള്ള പൊയ്ക്കുതിരകളെ ഒരുക്കുന്നതിനുള്ള വൈക്കോല്‍ കിട്ടുന്നതിന് കൃഷിയിറക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ ഈ മേഖലയില്‍ ചീര, ചിറ്റേനി തുടങ്ങി നീളമുള്ള വൈക്കോല്‍ ലഭിക്കുന്നവയാണ് കൃഷിയിറക്കിയിരുന്നതെങ്കിലും പിന്നീട് കാലാവസ്ഥ വ്യതിയാനവും വെള്ളത്തിന്റെ ദൗര്‍ലഭ്യവും വന്നതോടെ കൃഷിരീതികളിൽ മാറ്റം വരികയായിരുന്നു.കൊയ്ത്തിന് ആളുകളെ ലഭിക്കാതെ വന്നതോടെ നടപ്പിലായ മെഷീന്‍ കൊയ്ത്ത് വൈക്കോൽ ശേഖരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും ദേശക്കാര്‍ തന്നില്‍ ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഇപ്പോഴും പത്ത് സെന്റ് സ്ഥലത്ത് പഴയ കൃഷിരീതി തന്നെ തുടരുകയാണ് അബ്ദുള്‍ റസാഖ്. എതാനും വര്‍ഷങ്ങളായി ജീരകശാല എന്ന ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് കൃഷിചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ആളുകളെ ഇറക്കി കൊയ്ത് പൂർത്തിയായത് ഇതില്‍നിന്ന് ലഭിക്കുന്ന നെല്ലില്‍നിന്ന് ഒരു ഭാഗം അടുത്ത വര്‍ഷം കൃഷി ഇറക്കുന്നതിനായി മാറ്റിവക്കും. ബാക്കി വീട്ടാവശ്യത്തിനായി ഉപയോഗിക്കും. കരുമത്ര ദേശത്തിന് കാലങ്ങളായി ചെറിയ കുതിരകളാണ് ഉണ്ടായിരുന്നത്. അന്ന് രണ്ട് കുതിരകള്‍ക്കുമായി 120 ഓളം വൈക്കോൽ കെട്ടുകളാണ് നല്‍കിയിരുന്നത്.
എന്നാല്‍ ഇത്തവണ വലിയ കുതിരയായതോടെ 150 ലേറെ കെട്ടുകൾ വേണമെന്നാണ് ദേശക്കമ്മിറ്റി അറിയിച്ചിട്ടുള്ളത്. കരുമത്രയ്ക്ക് പുറമേ വിരുപ്പാക്ക, മണലിത്തറ ദേശക്കാരും പൊയ്ക്കുതിരകളെ ഒരുക്കാന്‍ വൈക്കോല്‍ കൊണ്ടുപോകുന്നത് അബ്ദുള്‍ റസാഖിന്റെ അടുക്കൽ നിന്നാണ്. പുതിയ കുതിരയ്ക്കും വൈക്കോല്‍ നല്‍കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും റസാഖ് പറയുന്നു. ദേശക്കാര്‍ തിരുവാണിക്കാവിലെത്തുന്നത് പൊയ്ക്കുതിരകളുമായാണ്. പച്ചമുളയുടെ അലക് ഉപയോഗിച്ച് അതിനുമീതെ നീളമുള്ള വൈക്കോല്‍ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കിയാണ് പൊയ്ക്കുതിരകളെ ഒരുക്കുന്നത്. മതസൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയായാണ് മച്ചാട് മാമാങ്കത്തെ കാണുന്നത്.