സുഹൃത്തുക്കളിൽ ഒരാൾ പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധി ദിവസം വവ്വാമൂലയിൽ എത്തിയത് എന്ന് പൊലീസ് പറയുന്നു. തുടർന്ന് മൂന്നുപേരും കായലിൽ കുളിക്കാൻ ഇറങ്ങി. ഈ സമയം സൂരജ് കരയിൽ നിൽക്കുകയായിരുന്നു. കുളിക്കുന്നതിനിടയിൽ മൂന്നംഗ സംഘം കായലിലെ ചാലിൽ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം. മൂവരും വെള്ളത്തിൽ മുങ്ങിയത് കണ്ട് ഭയന്ന സൂരജ് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് വാഹനം വരുന്നത് കണ്ടാണ് സമീപവാസികൾ സ്ഥലത്തെത്തുന്നത്.
വിഴിഞ്ഞത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ചെറിയ വള്ളത്തിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൂവരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി മരിച്ചവരുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.