ചക്കിട്ടപ്പാറ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ പത്തെണ്ണവും വനാതിര്‍ത്തി പങ്കിടുന്നവയാണ്. മലയോര മേഖലകളിലെ പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തേന്‍കൃഷി എന്ന ആശയം ഉയര്‍ന്നുവരികയായിരുന്നു. തുടര്‍ന്ന് 10 വാര്‍ഡുകളില്‍ നിന്നായുള്ള 350 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തലില്‍ വിദഗ്ധ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് 2021-22 പദ്ധതിയില്‍ സൗജന്യ നിരക്കില്‍ തേനീച്ച പെട്ടികള്‍ വിതരണം ചെയ്യുകയും ചെയ്തു.
പിന്നീട് നടന്നതെല്ലാം ഒരു നിശബ്ദ വിപ്ലവമായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 16 ടണ്‍ തേനാണ് ഈ കൂട്ടായ്മയിലൂടെ വിറ്റുപോയത്. ഒരു കിലോ ചെറുതേനിന് 2000 രൂപ വരെ വില ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഉപോല്‍പന്നങ്ങളായ തേന്‍ സോപ്പ്, തേന്‍ മെഴുക്, തേന്‍ നെല്ലിക്ക, പേസ്റ്റ്, കാന്താരി, മാതള തേന്‍ തുടങ്ങിയവക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ഫെബ്രുവരി മാസത്തില്‍ ഒരു തേന്‍ മ്യൂസിയം തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. തേനീച്ചയെ പരിചയപ്പെടുത്തല്‍, തേനീച്ചകളുടെ ചരിത്രം, പ്രദര്‍ശനം, വില്‍പന തുടങ്ങിയ സൗകര്യങ്ങള്‍ മ്യൂസിയത്തില്‍ ഒരുക്കും. മ്യൂസിയം പെരുവണ്ണാമൂഴിയില്‍ ഒരുക്കാനാണ് പദ്ധതി. ഒട്ടും വൈകാതെ തന്നെ തേനൂറും ഗ്രാമമെന്ന ഖ്യാതി തങ്ങളുടെ നാടിനെ തേടിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ചക്കിട്ടപ്പാറയിലെ തേന്‍ കര്‍ഷകര്‍.