വീട്ടിലെത്തിയ മന്ത്രി ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്‍മിയില്‍ നിന്നും വിരമിച്ചയാളാണ് വേണുഗോപാലന്‍ നായര്‍. രോഗം കാരണം 12 വര്‍ഷമായി വായിലൂടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അംബികാദേവിയ്ക്കും രോഗം ബാധിച്ചതോടെ ഇരുവര്‍ക്കും പാലീയേറ്റീവ് കെയര്‍ പ്രൈമറി യൂണിറ്റും സെക്കന്ററി യൂണിറ്റും കൃത്യമായ ഇടവേളകളില്‍ ഇവരുടെ വീട്ടിലെത്തി പരിചരണം ഉറപ്പാക്കുന്നു.
സംസാരിക്കാന്‍ കഴിയാത്ത വേണുഗോപാലന്‍ നായര്‍ ആംഗ്യ ഭാഷയിലൂടെ കാര്യങ്ങള്‍ സൂചിപ്പിച്ചു. വേണുഗോപാലന്‍ നായര്‍ ഉദ്ദേശിച്ചത് ഭാര്യയും മകളും വിശദീകരിച്ചു. ചികിത്സയുടെ ഭാഗമായി വിവിധ ആശുപത്രികളില്‍ നിന്ന് പലതവണ സര്‍ജറി ചെയ്യേണ്ടി വന്നതിന്റെ കാര്യങ്ങളും അദ്ദേഹം വിവരിച്ചു. വേണുഗോപാലന്‍ നായരെ പോലുള്ളവരുടെ മനോബലം രോഗം വന്നവര്‍ക്ക് കരുത്താണെന്ന് മന്ത്രി പറഞ്ഞു. മാസത്തിലൊരിക്കല്‍ കൃത്യമായി പാലിയേറ്റീവ് പരിചരണം ലഭിക്കാറുണ്ടെന്ന് അംബികാദേവിയും മറ്റ് ബന്ധുക്കളും പറഞ്ഞു. ഇതേറെ ആശ്വാസവും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മതിയായ ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനായി ആവശ്യമായ ഇടപെടലുകള്‍ നടത്തി വരുന്നതായി മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. കേരളത്തില്‍ കിടപ്പിലായ എല്ലാ രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.