ഹോസ്റ്റൽ ഫീസടക്കാനാകാതെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഹോസ്റ്റലുകളിൽ നിന്നും പുറത്താക്കപ്പെടുകയും മത്സ്യമേഖലാ വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന ഹോസ്റ്റലുകൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് അടക്കാനാവാതെ നിരവധി മത്സ്യമേഖലാ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.
ഈ വിഷയം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് കേരള മത്സ്യ മേഖലാ വിദ്യാർത്ഥി സമിതി നിവേദനം നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് നൽകാനുള്ള ലംപ്‌സം ഗ്രാൻ്റ് കുടിശിക 53.91 കോടി രൂപയാണ്. ഇനിയും ഗ്രാന്റ് നൽകാന്‍ കാലതാമസമുണ്ടായാൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാർത്ഥികൾ വിശദമാക്കുന്നത്. മെഡിക്കൽ പിജി വിദ്യാർത്ഥികൾക്ക് പോലും ആനുകൂല്യം നിഷേധിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് കേരള മത്സ്യമേഖലാ വിദ്യാർത്ഥിസമിതി വിശദമാക്കുന്നത്.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി അധിക തുക ആവശ്യപ്പെട്ട് ഫിഷറീസ് ഡയറക്ടർ ഗവണ്‍മെന്റ് പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പോസ്റ്റ് മെട്രിക് വിഭാഗത്തിൽ 14 സംസ്ഥാനങ്ങളിലായി 3500 ലക്ഷം രൂപയും പ്രീമെട്രിക് വിഭാഗത്തിൽ 800 ലക്ഷം രൂപയുമാണ് ഫിഷറീസ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളത്