മറ്റുള്ളവർക്ക് വായിക്കാനാകുന്ന രീതിയിൽ ഡോക്ടർമാർ കുറിപ്പടികളെഴുതണമെന്ന് ഉത്തരവിറക്കാൻ കഴിഞ്ഞദിവസം ഒഡിഷ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം കേസ് പരിഗണിക്കവെ ഡോക്ടറെഴുതിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വായിച്ച് മനസിലാക്കാൻ കഴിയാതെ വന്നതിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാമ്പു കടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ ആശ്രിത ധനസഹായം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോൾ ഡോക്ടർ നൽകിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഡോക്ടറുടെ കൈയക്ഷരം വായിച്ചുമനസിലാക്കാൻ ജഡ്ജി ഏറെ ബുദ്ധിമുട്ടി. തുടര്‍ന്ന് ഡോക്ടര്‍തന്നെ നേരിട്ടെത്തിയായിരുന്നു റിപ്പോര്‍ട്ട് വായിച്ചുകേള്‍പ്പിച്ചത്.
വളഞ്ഞ് പുളഞ്ഞുള്ള കൈയക്ഷരം സാധാരണക്കാർക്കോ നീതി പീഠത്തിനോ മനസിലാകുന്നില്ലെന്നും ഇത്തരം കൈയക്ഷരം ഡോക്ടർമാർക്കിടയിൽ ഫാഷനായിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് മെഡിക്കൽ സംബന്ധമായ എല്ലാ റിപ്പോർട്ടുകളും ആളുകൾക്ക് വായിക്കാനുകുന്ന രീതിയിൽ എഴുതണമെന്ന് കോടതി ആവശ്യപ്പെട്ടത്.