ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ഒട്ടനവധി പേരാണ് രംഗത്തുവരുന്നത്. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്.സമൂഹമാദ്ധ്യമങ്ങളിൽ മാലദ്വീപ് സർക്കാരിന്റെ നിലപാടിനെതിരായ പ്രതിഷേധം തുടരുകയാണ്. ബോയ്കോട്ട് മാലദ്വീപ്, എക്സ്പ്ലോർ ഇന്ത്യൻ ഐലന്റ്സ് എന്നീ ഹാഷ്ടാഗുകൾ എക്‌സിൽ തരംഗമാണ്. നിരവധി പേർ മാലദ്വീപിലേക്കുളള യാത്രകൾ റദ്ദാക്കി.
അതേസമയം ഇന്ത്യയിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാമെന്ന് നടി ശ്വേത മേനോൻ. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിക്കുകയാണെന്നും ശ്വേത മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.