തിരുവനന്തപുരത്തെ പ്രധാന ആരാധനാലയങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം പള്ളി എന്നിവയും പ്രധാന ടൂറസ്റ്റ് കേന്ദ്രങ്ങളായ മ്യൂസിയം, കോവളം, ശംഖുമുഖം എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങളും ബസിൽ വരച്ചിട്ടുണ്ട്.ബസിന് മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകളാണ് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലുള്ളത്.അഞ്ച് കാമറകളും ടിവിയും എൽഇഡി ഡിസ്‌പ്ലേ, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ എന്നീ സംവിധാനങ്ങൾ ബസിലുണ്ട്. ഇറങ്ങേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ എൽഇഡി ഡിസ്‌പ്ലേയിൽ തെളിയും. യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോൾ അവരുടെ സീറ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് ബട്ടൺ ഞെക്കിയാൽ മതിയാവും. ഇപ്പോൾ ആളുകൾ ഇറങ്ങാനുണ്ട് എന്ന സന്ദേശം ഡ്രൈവറിന് ലഭിക്കും.
രണ്ട് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസുകൾക്കാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. ഇതിൽ ഒരു ബസാണ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചത്. കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമാണ് ബസ് വാങ്ങിയത്. മുംബൈയിലെ സ്വിച്ച് മൊബിലിറ്റിയിൽനിന്ന് വാങ്ങിയ ബസ് റോഡ് മാർഗമാണ് തിരുവനന്തപുരത്തെത്തിച്ചത്.
9.8 മീറ്റർ നീളമുള്ള ബസിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആണ്. ബസിന് രണ്ട് ചാർജറുകളാണുള്ളത്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 180 കിലോ മീറ്റർ മുതൽ 240 കിലോമീറ്റർ വരെ ഇതിന് സഞ്ചരിക്കാൻ സാധിക്കും. ബസ് പൂർണമായും ചാർജ് ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കും. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗതയുണ്ടെങ്കിലും ഇപ്പോൾ 60 കിലോമീറ്റർ വേഗതയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.