കേരളത്തിന്റെ എല്ലാ കാര്‍ഷിക വിളകളും വലിയ തകര്‍ച്ചയെ നേരിടുകയാണ്. കാര്‍ഷികകേരളത്തിന്റെ നട്ടെല്ലായ തെങ്ങും റബറുമൊക്കെ നിലംപൊത്തിയിട്ട് കാലമേറെയായി. റബര്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാനാണെന്നു പറഞ്ഞ് ഭരണത്തിലിരിക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കര്‍ഷകരെ മറന്നു. നാമമാത്രമായുള്ള കര്‍ഷക പെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസത്തിലധികമായി. ക്ഷേമപെന്‍ഷന്‍കൊണ്ട് ജീവിതം തള്ളിവിടുന്നവര്‍ നിരാശയുടെ പടുകുഴിയിലാണ്.അതേസമയയം, സര്‍ക്കാരിന്റെ ആര്‍ഭാടവും ദുര്‍ച്ചെലവുമെല്ലാം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. 27.12 കോടിയുടെ കേരളീയം, ശതകോടികളുടെ നവകേരള യാത്ര. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിക്ക് 12.50 ലക്ഷം രൂപയുടെ ഓണറേറിയം. കൂടാതെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു സ്റ്റാഫും സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇദ്ദേഹം കേരളത്തിനുവേണ്ടി എന്താണു ഡല്‍ഹിയില്‍ ചെയ്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്ഷീര കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനു മാത്രം 46.25 ലക്ഷം രൂപ. കാഴ്ചബംഗ്ലാവാക്കിയ നവകേരള ബസിന് ഒരു കോടിയിലധികം.
നവകേരളസദസില്‍ കര്‍ഷകര്‍ നല്കിയ പരാതികളെല്ലാം കൂട്ടിയിട്ട് മന്ത്രിമാര്‍ ഇപ്പോള്‍ അതിന്മേലാണ് ഉറക്കം. അത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് നവകേരളസദസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും കടക്കെണിയിലായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പാക്കേജും നല്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു