ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടർന്ന് നെൽകർഷകൻ ജീവനൊടുക്കി മാസം രണ്ട് കഴിഞ്ഞിട്ടും കർഷകരുടെ ദുരിതത്തിന് അറുതിയില്ല. കർഷകൻ മരിച്ച ആലപ്പുഴയിൽപ്പോലും പുഞ്ചകൃഷിയുടേയും രണ്ടാം വിളയുടേയും നെല്ലിന്റെ വില ഇനിയും കിട്ടിയിട്ടില്ല. പണം ചോദിച്ച് എത്തുന്നവർക്ക് മുന്നിൽ ബാങ്കുകളും കൈമലർത്തുകയാണ്.
മണ്ണിനെ ഏറെ സ്നേഹിച്ച തകഴിയിലെ ജി പ്രസാദ് എന്ന കർഷകൻ ജീവനൊടുക്കിയിട്ട് ഏറെ നാളായിട്ടില്ല. നെൽകൃഷിക്ക് ഒരു സഹായവും ചെയ്യാതെ, വിറ്റ നെല്ലിന് കൃത്യമായി പണം നൽകാതെ ദുരിതത്തിലാക്കിയ സർക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നെഴുതി വച്ചാണ് പ്രസാദ് പോയത്. പിന്നാലെ ഓടിയെത്തിയ അധികാരികൾ നൽകിയത് വാഗ്ദാനപ്പെരുമഴ ആയിരുന്നു. എന്നിട്ടെന്തായി ?
കുട്ടനാട്ടിലെ കർഷകരുടെ രണ്ടാം വിള കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ആദ്യത്തെ പുഞ്ചയുടെ പണം പോലും പല കർഷകർക്കും കിട്ടിയിട്ടില്ല. രണ്ടാം വിളയുടെ നെല്ലും സർക്കാരിന് കൊടുത്തു കഴിഞ്ഞു. പലരും അടുത്ത പുഞ്ച കൃഷിയും തുടങ്ങി. വിത്തിറക്കാനും വളമിടാനും പണമില്ല. ലക്ഷക്കണക്കിന് രൂപയാണ് മിക്കവർക്കും നെല്ല് വിറ്റ വകയിൽ കിട്ടാനുള്ളത്. വിൽക്കുന്ന നെല്ലിന് സപ്ലൈകോ കൃത്യമായി പണം നൽകുന്നില്ലെന്ന് പുറത്തറിഞ്ഞതോടെ കർഷകർക്ക് കൈവായ്പ നൽകാൻ പോലും പലരും മടിക്കുകയാണ്.
ഈ സീസണിൽ നെല്ലിന്റെ പണമായി 113 കോടി രൂപ ഇത് വരെ വിതരണം ചെയ്തതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പി ആർ എസ് ലോൺ നൽകുന്ന കാര്യത്തിൽ ബാങ്കുകൾ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് തിരുത്തണമെന്ന് നിർദേശിച്ചതായും ഇക്കാര്യത്തിന് നോഡൽ ഓഫീസറെ നിയമിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.