21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം* *അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍*
Uncategorized

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം* *അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍*

തിരുവനന്തപുരം: സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളേജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കല്‍ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കല്‍ കോളേജുകളില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍, ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, 2 സീനിയര്‍ റസിഡന്റ് തസ്തികകള്‍ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വീതം സീനിയര്‍ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മന്ത്രി വീണാ ജോര്‍ജ് മുന്‍കൈയ്യെടുത്ത് മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്ക് ഒരു കുടക്കീഴില്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ശാസ്ത്ര ശാഖയാണ് എമര്‍ജന്‍സി മെഡിസിന്‍. ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങള്‍, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സമയം ഒട്ടും പാഴാക്കാതെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകും.

പ്രധാന മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയര്‍ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന ട്രോമ കെയര്‍ സംവിധാനത്തിന്റെ മാതൃകയിലാണ് ഇവിടേയും നടപ്പാക്കി വരുന്നത്. ഒരു രോഗി എത്തുമ്പോള്‍ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ട്രയേജ് ചെയ്ത് റെഡ്, ഗ്രീന്‍, യെല്ലോ സോണുകള്‍ തുടങ്ങി വിവിധ മേഖലയിലേക്ക് തിരിച്ചു വിട്ട് ചികിത്സ ഉറപ്പാക്കുന്നു. ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിംഗ് തുടങ്ങി തീവ്രപരിചരണത്തിന് വേണ്ട എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡിഎം കോഴ്‌സ് ആരംഭിക്കാനും ഈ മേഖലയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കുന്നു.

Related posts

ചാലക്കുടിപ്പുഴയിൽ ചാടിയവർ രക്ഷപ്പെട്ടു; വന്നത് സ്വർണ ഇടപാടിന്, നാല് ലക്ഷം രൂപ തട്ടിയെടുത്തു

Aswathi Kottiyoor

പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല

Aswathi Kottiyoor

കരുവന്നൂർ കള്ളപ്പണയിടപാട്; മധു അമ്പലപുരം ഇഡി ഓഫീസിൽ, ​ഹാജരാവാതെ സുനിൽകുമാർ, ആശുപത്രിയിൽ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox