തിരുവനന്തപുരം: വെള്ളറട കാരക്കോണത്ത് മദ്യലഹരിയിൽ ബൈക്കിലെത്തി സ്കൂൾ കുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് നിദ്രവിള സ്വദേശിയായ സെൽവൻ (35) ആണ് പിടിയിലായത്. ഇയാളെ പ്രദേശവാസികൾ വെള്ളറട പൊലീസിൽ ഏൽപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. സ്കൂൾ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയ്ക്കാണ് ബൈക്കിലെത്തിയ സെൽവൻ കുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചത്.യുവാവ് ബൈക്കിൽ പിന്നാലെ എത്തിയതോടെ ഭയന്ന് നിലവിളിച്ച കുട്ടികൾ സമീപത്തെ വീട്ടിലോക്ക് ഓടിക്കയറി അഭയം പ്രാപിച്ചു. വിവരം അറിഞ്ഞ് സമീപത്തുള്ളവർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സെൽവൻ ബൈക്കുമായി രക്ഷപ്പെട്ടു. എന്നാൽ വണ്ടിത്തടം ജംഗ്ഷനിൽ വച്ച് നാട്ടുകാർ യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട പൊലീസിനു സെൽവനെ കൈമാറി.