കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകൾ പരിഗണിച്ചാണ് ഹൈകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വംബോർഡ് നൽകിയ വിശദീകരണം ഹൈകോടതി അംഗീകരിച്ചു.
മാംസ്യാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കുന്നുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. തേക്കിൻകാട് മൈതാനം പ്ളാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും മൈതാനത്ത് പരിസ്ഥിതി സുരക്ഷാ നിലവാരം പാലിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറിക്കും കോടതി നിർദേശം നൽകി. രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ പരസ്യബോർഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ല. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സർക്കിൾ ഇൻസ്പെക്ടർ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.