കവലക്കുന്നിൽ ശശികലാഭവനിൽ ശൈലന്‍റെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. എന്നാൽ വീടിനടുത്തെത്തിയ പൊലീസിന് അകത്തേക്ക് കടക്കാനായില്ല. കാവലായി മുറ്റത്ത് ഏഴ് കൂറ്റൻ നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു മുറ്റത്ത് അഴിച്ചിട്ട നിലയിലുണ്ടായിരുന്നത്. പൊലീസ് സംഘത്തെ കണ്ടതും നായ്കക്കൾ കുരച്ച് എത്തി. ഇതോടെ ഗേറ്റ് തുറന്ന് അകത്ത് കടക്കാനാവാതെ പൊലീസ് വലഞ്ഞു. ഇതിനിടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പൊലീസ് വീട് വളഞ്ഞിരുന്നു.
പൊലീസിന് നേരെ പാഞ്ഞെടുത്ത നായ്കക്കളെ ഒടുവിൽ തന്ത്രപർവ്വം ഒരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് അകത്ത് കടന്നത്. നീലനടക്കം നാല് പേരെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇവിടെ നിന്നും കഞ്ചാവടക്കം വൻ മയക്കുമരുന്ന് ശേഖരവും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് പൊതിഞ്ഞ് വിൽക്കാനായി ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
ഏറെ നാളായി നായ്ക്കളുടെ മറവിൽ ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പരിശോധനയ്ക്ക് ആളെത്തിയാൽ നായ്ക്കളെ അഴിച്ചു വിടാനുള്ള പദ്ധതിയായിരുന്നു പ്രതികൾക്കെന്നും വർക്കലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘമെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ സംഘങ്ങളുണ്ടോയെന്നതടക്കം വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. രണ്ട് മാസം മുമ്പ് കല്ലമ്പലം പ്രസിഡന്‍റ് ജംഗ്ഷനിൽ വീട് വാടക്കെടുത്ത് വളർത്ത് പട്ടികളെ മറയാക്കി ലഹരി കച്ചവടം നടത്തിയ സംഘം പിടിയിലായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഡാൻസാഫ് സംഘം നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.