മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഇന്ത്യന്‍ നാടക രംഗത്തെ സജീവ സാന്നിധ്യമാണ്. പ്രശാന്ത് നാരായണന്‍റെ മരണത്തില്‍ നടന്‍ മോഹന്‍ലാല്‍ അനുശോചിച്ചു.
ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ച കാലത്താണ് പ്രശാന്ത് നാരായണനെ ഞാന്‍ പരിചയപ്പെടുന്നതും കൂടുതല്‍ അടുക്കുന്നതും . പ്രശാന്താണ് അങ്ങനെയൊരു നാടകം സങ്കല്‍പ്പിച്ച് ഗംഭീര സംഭാഷണങ്ങളോടെ എഴുതിയത്. ഉടലിലും ഉയിരിലുമെല്ലാം നാടകം മാത്രമായി ജീവിക്കുന്ന പ്രശാന്തിനെ ഈ മേഖലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധ്യതയുള്ളയാളായിട്ടാണ് ഞാന്‍ കണ്ടത്.
നാടക മേഖലയെപ്പറ്റി ആഴത്തിലുള്ള അറിവും വലിയ കാര്യങ്ങള്‍ ആലോചിക്കാനുള്ള ശേഷിയും പ്രശാന്തിനുണ്ടായിരുന്നു. ഈയടുത്ത ദിവസം എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന വേദിയില്‍ പ്രശാന്തിനെ കണ്ടിരുന്നു. ഇത്രവേഗം പോകുമെന്ന് കരുതിയില്ല അഗാധമായ ദു:ഖമുണ്ട് – മോഹന്‍ലാലിന്‍റെ അനുസ്മരണത്തില്‍ പറയുന്നു.
തിരുവനന്തപുരത്തെ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് പ്രശാന്ത് നാരായണന്‍റെ ജനനം. കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരാണ് അച്ഛന്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലുമായി ആയിരുന്നു വിദ്യാഭ്യാസം. പതിനേഴാം വയസില്‍ ഭാരതാന്തം എന്ന പേരില്‍ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.
മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക, ചിത്രലേഖ, കറ, അരചചരിതം തുടങ്ങി മുപ്പതോളം നാടകങ്ങള്‍ എഴുതി. നിഴൽ എന്ന സിനിമയിലും അഭിനയിച്ചു. മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നുപേരായ ഒരു കണ്ണാടിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ ഛായാമുഖിയുടെ പ്രമേയപരിസരം. മഹാഭാരതത്തില്‍ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്‍റെ ഭാവനയായിരുന്നു.