കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം. ഓൺലൈൻ വഴി ടിക്കറ്റിന് പണം നൽകുന്നതിന്റെ പരീക്ഷണം ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവീസുകളിലും പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ഇന്നുമുതൽ ആരംഭിക്കും.ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ എസ് ആർ ടി സിക്ക് ഇതിന് സംവിധാനം ഒരുക്കി നൽകുന്നത്. യാത്രക്കാർക്ക് യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോപേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാൻ സാധിക്കും.
ഈ സേവനങ്ങൾക്ക് കെ എസ് ആർ ടി സി ക്ക് ഒരു ടിക്കറ്റിനു 13.7 പൈസയും ജിഎസ്ടിയും മാത്രമാണ് ചെലവാകുന്നത്. പരീക്ഷണ ഘട്ടത്തിൽ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയിൽ പെട്ടാൽ ആയത് പൂർണമായും പരിഹരിച്ച ശേഷമാകും ഒദ്യോഗികമായി നടപ്പിൽ വരുത്തുക.