രാത്രി പതിനൊന്നേ മുക്കാലോടെയുണ്ടായ ഗ്യാസ് ലീക്കിന് പിന്നാലെ പ്രദേശത്ത് ആകെ ദുർഗന്ധം വമിച്ചു. പെരിയ കുപ്പം മേഖലയിലെ താമസക്കാരെയാണ് ഗ്യാസ് ലീക്ക് സാരമായി ബാധിച്ചത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട 25 ൽ അധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമോണിയ ലീക്കുണ്ടായതിന് പിന്നാലെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചതായാണ് കമ്പനി ബുധനാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടേയും ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് കമ്പനി അധികൃതർ വിശദമാക്കി. ഗ്യാസ് ലീക്കിന് ഉണ്ടായതിന് പിന്നാലെ ആളുകൾ വീടിന് പുറത്തും റോഡിലുമായി തടിച്ച് കൂടിയിരുന്നു. ലീക്ക് തടഞ്ഞതായും പ്രദേശവാസികൾക്ക് വീടുകളിലേക്ക് മടങ്ങാമെന്നും പൊലീസ് വിശദമാക്കിയിട്ടുണ്ട്.
അതേസമയം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് അടച്ചിടുമെന്ന് സംസ്ഥാനത്തെ പരിസ്ഥിതി മന്ത്രി മെയ്യനാഥന്‍ ശിവ വിശദമാക്കിയിട്ടുണ്ട്.