33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്
Uncategorized

സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്.

ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗത്തില്‍ ഡിഎം കോഴ്സ് ആരംഭിക്കാനാകുന്നതോടെ ഈ മേഖലയില്‍ നിരവധി വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മെഡിക്കല്‍ ജനറ്റിക്‌സ്. ജനിതക രോഗങ്ങള്‍ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും മെഡിക്കല്‍ ജനറ്റിക്‌സിന് പ്രധാന പങ്കുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്. എസ്.എ.ടി. ആശുപത്രിയില്‍ നിലവില്‍ ജനറ്റിക്‌സിന് ചികിത്സയുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രത്യേക വിഭാഗമാക്കുന്നത്. ഇതിലൂടെ അപൂര്‍വ ജനിതക രോഗങ്ങളുടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനമാകുന്നു.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒപി പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച ജനറ്റിക്‌സ് ഒപിയും വെള്ളിയാഴ്ച അപൂര്‍വ രോഗങ്ങളുടെ സ്‌പെഷ്യല്‍ ഒപിയും പ്രവര്‍ത്തിക്കുന്നു. ബാക്കി ദിവസങ്ങളില്‍ തുടര്‍ ചികിത്സയാണ് ലഭ്യമാക്കുന്നത്. ജനറ്റിക്സ് വിഭാഗം യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാ വിഭാഗങ്ങളിലുമുള്ള അപൂര്‍വ ജനിതക രോഗങ്ങള്‍ക്കും മികച്ച രീതിയില്‍ ചികിത്സയും സേവനവും നല്‍കാനാകും. നിലവില്‍ സിഡിസിയിലെ ജനറ്റിക്‌സ് ലാബിലാണ് ജനിതക പരിശോധനകള്‍ നടത്തുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനറ്റിക്‌സ് ലാബ് സജ്ജമാക്കി വരികയാണ്. ഇതോടെ കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താനും ചികിത്സ ഉറപ്പാക്കാനും സാധിക്കും.

അപൂര്‍വ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയിലേക്കായി 190 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ സ്‌ക്രീന്‍ ചെയ്ത് എസ്.എം.എ. ബാധിച്ച 56 കുട്ടികള്‍ക്ക് മരുന്ന് നല്‍കിയിട്ടുണ്ട്. അപൂര്‍വ ജനിതക രോഗം ബാധിച്ച 7 കുട്ടികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Related posts

സുവർണദണ്ഡ് നീട്ടി ചരിത്രത്തിൽ ഇടംനേടി ബിജെപിയും; കിരീടം കാക്കാൻ ചെങ്കോൽ

Aswathi Kottiyoor

നടുറോഡിൽ മകളുടെ ഭർത്താവിനെ ആക്രമിച്ചു; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്: എംഎസ്എഫ് പ്രവർത്തകനായ യുയുസിയെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox