കണ്ണൂർ ജില്ലയിലെ പെരുവളത്ത്പറമ്പ് സ്വദേശിയായ ഒരാളാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. എന്നാല്‍ സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗം അനധികൃതമാണെന്നും കാര്‍ഡ് എത്രയും വേഗം എപിഎല്‍ ആക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതുവരെ അനധികൃതമായി ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടയ്ക്കണമെന്നും നിര്‍ദേശിച്ചു.
എന്നാല്‍ 25,000 രൂപ കൈക്കൂലി തന്നാൽ പിഴ ഒഴിവാക്കി തരാമെന്ന് താലൂക്ക് സപ്ലൈ ഓഫീസറായ അനിൽ കഴിഞ്ഞ മാസം ഇരുപതാം തീയ്യതി പരാതിക്കാരനെ അറിയിച്ചു. തുടർന്ന് കഴിഞ്ഞ മാസം 25-ാം തീയ്യതി താലൂക്ക് സപ്ലൈ ഓഫീസർ 10,000 രൂപ അദ്യ ഗഡുവായി കൈപ്പറ്റി. ഇതിന് ശേഷം ഫൈന്‍ ഒഴിവാക്കി നല്‍കി. പുതിയ എ.പി.എല്‍ കാര്‍ഡ് അനുവദിക്കുകയും ചെയ്തു.
പുതിയ കാര്‍ഡ് കഴിഞ്ഞ ദിവസമാണ് ഉടമയ്ക്ക് ലഭിച്ചത്. കാര്‍ഡ് കിട്ടിയ വിവരം സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോഴാണ് 5,000 രൂപ കൂടിയെങ്കിലും കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഓഫീസിൽ കൊണ്ടുവന്ന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം പരാതിക്കാരൻ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സപ്ലൈ ഓഫാസറെ കുടുക്കാന്‍ കെണിയൊരുക്കി.