വൈഗയെ പുഴയിലെറിഞ്ഞശേഷം സനുമോഹൻ കടന്നുകളഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ സനു മോഹനെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ദേശീയപാതയിൽ വാളയാർ വഴി സനുമോഹൻ കാറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതോടെ ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മൂകാംബികയിലെ ഹോട്ടലിൽ പ്രതി എത്തിയെന്ന വിവരം ലഭിച്ചതോടെ പോലീസും പിന്നാലെ എത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മുറിയെടുത്തതും പിന്നീട് അവിടെ കടന്നുകളഞ്ഞെന്നും സ്ഥിരീകരിച്ചു. തുടർന്ന് കൊലപാതകം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം കർണാടകയിലെ കാർവാറിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാൽ സ്വന്തം മകളെ കൊന്നുതള്ളിയിട്ടും ഒളിവു ജീവിതം ആർഭാടമാക്കിയാണ് സനു മോഹൻ പൊലീസിനെ കബളിപ്പിച്ചുകൊണ്ടിരുന്നത്.
ഗോവയിലും ബെംഗളൂരുവിലും പണം പൊടിപൊടിച്ചു. ഗോവയിലെ കാസിനോകളിൽ ചൂതാട്ടങ്ങളിൽ മുഴുകി. പോലീസ് ഒന്നാകെ നാടുമുഴുവൻ അരിച്ചുപെറുക്കുമ്പോഴും മൊബൈൽഫോണൊന്നും ഉപയോഗിക്കാതെ ആരുടെയും കണ്ണിൽപ്പെടാതെ തമിഴ്‌നാട്ടിലും കർണാടകയിലും ഗോവയിലും ബെംഗളൂരുവിലും സനുമോഹൻ കറങ്ങിനടന്നു. ഒരു മാസത്തോളമാണ് പൊലീസ് സനുമോഹനെ തെരഞ്ഞ് നടന്നത്. മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പുകേസിലടക്കം പ്രതിയായിരുന്ന സനുമോഹൻ, മകൾ ജീവിച്ചിരുന്നാൽ തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മകളെ കൊലപ്പെടുത്താൻ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. 2021 മാർച്ച് 21-ന് ഭാര്യ രമ്യയെയും മകൾ വൈഗയെയും കൂട്ടി ആലപ്പുഴയിലെ ബന്ധുവീട്ടിലേക്കാണ് പ്രതി പോയത്. ഭാര്യയെ ഇവിടെയാക്കിയശേഷം വൈഗയെ അമ്മാവനെ കാണിക്കാമെന്ന് പറഞ്ഞാണ് കൂടെക്കൂട്ടി കൊച്ചിയിലേക്ക് മടങ്ങി. യാത്രയ്ക്കിടെ കോളയിൽ മദ്യം ചേർത്ത് മകൾക്ക് നൽകി. തുടർന്ന് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തിയതിന് പിന്നാലെ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപതാകത്തിന് പിന്നാലെ കോയമ്പത്തൂരിലേക്ക് കടന്നു കളഞ്ഞ പ്രതില കാറും, വൈഗയുടെ ആഭരണങ്ങളും വിറ്റു. തുടർന്ന് ഈ പണമെല്ലാം ഉപയോഗിച്ച് തമിഴ്‌നാട്ടിലും ബെംഗളൂരുവിലും ഗോവയിലും കറങ്ങി. കാർ വിറ്റുകിട്ടിയ പണത്തിൽ ഭൂരിഭാഗവും ചൂതാട്ടത്തിനായി വിനിയോഗിച്ചു. തുടർന്ന് മൂകാംബികയിലെ ലോഡ്ജ്മുറിയിലും കുറച്ചു ദിവസങ്ങൾ തങ്ങി. ഇതിനുപിന്നാലെയാണ് കാർവാറിൽനിന്ന് സനുമോഹൻ പിടിയിലായത്.
രണ്ടര വർഷം പിന്നിടുമ്പോൾ കേസിൽ ശിക്ഷ വിധിക്കാൻ ഒരുങ്ങുകയാണ്. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തി.കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയിൽ സമർപ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അപ്പാർട്ട്‌മെന്റിലെ താമസക്കാർ എന്നിവരടക്കം 300-ഓളം സാക്ഷികൾ കേസിലുണ്ടായിരുന്നു.