നിരീക്ഷ സ്ത്രീ നാടക വേദിയുടെ രണ്ടാമത് ദേശീയ സ്ത്രീനാടകോത്സവം ഡിസംബർ 27, 28, 29 തീയ്യതികളായി ഭാരത് ഭവനിലും സ്വാതി തിരുനാൾ സംഗീത കോളേജിലുമായി നടക്കുകയാണ്. നിരീക്ഷയുടെ ഒന്നാമത് നാടകോത്സവത്തിനു ലഭിച്ച ഹൃദ്യമായ പ്രതികരണത്തിന്റെ അഭിമാനത്തിലാണ് ഞങ്ങൾ. ശ്രീലങ്കയിൽ നിന്നുള്ള പ്രസിദ്ധ നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകയുമായ റുവാന്തി ഡി ചിക്കേര 27 നു വൈകിട്ട് 5.30 നു ഭാരത് ഭവനിൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ഡിസംബർ 27 നു പാളയം കണ്ണിമേര മാർക്കറ്റിനു മുന്നിൽ രാവിലെ 9.30 നു മന്ത്രി ജെ ചിഞ്ചുറാണി ഫെസ്റ്റിവൽ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് ആക്ടിവിസ്റ്റ് കെ അജിത ഫെസ്റ്റിവൽ ബുക്ക് റിലീസ് ചെയ്യും.
കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ, ഭാരത് ഭവൻ, സ്വാതിതിരുനാൾ സംഗീതകോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. രാജ രാജേശ്വരിയും
സുധി ദേവയാനിയും ചേർന്ന് രൂപം നൽകിയ നിരീക്ഷ 24 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം അറിയിച്ച അഞ്ചു സംവിധായികന്മാരുടെ നാടകങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിശക്തി ചണ്ഡിഗർ അവതരിപ്പിക്കുന്ന ദെബിന രക്ഷിത് സംവിധാനം ചെയ്ത ദി കേജ്, ഡോ.സവിത റാണിയുടെ സോളോ നോഷൻസ്, ജ്യോതി ദോഗ്രയുടെ സോളോ മാംസ്, ബെർനാലി മേധിയുടെ ബേൺ ഔട്ട്, അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായിക ത്രിപുരാരി ശർമ്മയുടെ രൂപ് അരൂപ് എന്നിവയാണ് എഴുപതോളം വരുന്ന നാടകങ്ങളിൽ നിന്നായി സ്ക്രീനിംഗ് നു ശേഷം തിരഞ്ഞെടുത്തിരിക്കുന്നത്
അഷിത പി.എച്ച്.സംവിധാനം ചെയ്ത ദി എഡ്ജ്, രേശ്മ രാജൻ അവതരിപ്പിക്കുന്ന വയലറ്റ് വിൻഡോസ് എന്നിവയാണ് മലയാള നാടകങ്ങൾ. ഇവയ്ക്ക് പുറമെ Women Collective Expressions എന്ന വിഭാഗത്തിൽ മൂന്ന് നാടകങ്ങൾ ഉൾപ്പടുത്തിയിട്ടുണ്ട്. വലിയതുറ മത്സ്യതൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ജർമി റോയ് സംവിധാനം ചെയ്ത ‘ഇത് എങ്കള കടൽ’, ആശാ വർക്കർമാരുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ‘പെൺ പെരുമ’, രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റർ അവതരിപ്പിക്കുന്ന അശ്വിനി ചന്ദ് സംവിധാനം ചെയ്ത ‘മായ്ക്കപ്പെടുന്നവർ’ എന്നീ നാടകങ്ങൾ ആണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുക.
നാടകങ്ങൾ ഭാരത് ഭവനിലും മറ്റ് സാംസ്‌കാരിക പരിപാടികൾ സ്വാതിതിരുനാൾ സംഗീത കോളേജിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നാടകോത്സവത്തിന്റെ മൂന്ന് ദിവസങ്ങളിലും സ്ത്രീകൾക്ക് വേണ്ടിയുളള സ്ത്രീകൾ നേതൃത്വം നൽകുന്ന നാടകശില്പശാല ഉണ്ടായിരിക്കുന്നതാണ്. റുവാന്തി ഡി ചിക്കേരയാണ് നാടക ശില്പശാലയും നയിക്കുന്നത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കിയ ദെബിന രക്ഷിത്ത്, ഡോ. സവിത റാണി, ബെർനാലി മേധി എന്നിവരായിരിക്കും ശില്പശാലയുടെ മറ്റ് നിർദ്ദേശകർ.
ഇതിനു പുറമെ 27 ന് 25 പെൺ കവികളുടെ കവിയരങ്ങും, 28ന് സംസ്ഥാന വനിതാ കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരിക രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന
വിഷയത്തിൽ സെമിനാറും ഉണ്ടായിരിക്കും. സാംസ്കാരിക വകുപ്പ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, നൽകുന്ന ധനസഹായത്തിന് പുറമേ മറ്റ് സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾ സ്പോൺസർഷിപ്പ്, വ്യക്തികളിൽ നിന്നുള്ള സംഭാവനകൾ, സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടത്തുന്ന ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഈ നാടകോത്സവത്തിന് വേണ്ടിയുള്ള ധനസമാഹരണം നടത്തിയിരിക്കുന്നത് എങ്കിലും 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ സംരംഭത്തിന്റെ 50 ശതമാനം പോലും എത്തിച്ചേരാൻ സാധിച്ചിട്ടില്ല.
ഇന്ത്യയിൽ തന്നെ സ്ത്രീകൾ സംഘടിപ്പിക്കുന്ന മറ്റു നാടകോത്സവങ്ങൾ നടക്കുന്നില്ല. എന്നാൽ ധാരാളം സ്ത്രീകൾ നാടകങ്ങൾ സംവിധാനം ചെയ്യുന്നുണ്ട്. ഇവരുടെ ശൈലിയും അവതരണവും വ്യത്യസ്തമാണ്. ഇത്തരം നാടകങ്ങൾക്ക് വേദിയൊരുക്കുക എന്നത് കൂടിയാണ് സ്ത്രീ നാടകോത്സവം കൊണ്ട് ലക്ഷ്യം ഇടുന്നത്. കൂടാതെ സ്ത്രീ കൂട്ടായ്മകൾ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികളിൽ നിന്നും ആശയ പ്രചരണ ഉപാധിയായും നാടകങ്ങൾ രൂപപ്പെടുന്നുണ്ട്.
ജനപ്രിയ സാംസ്കാരിക കലോത്സവങ്ങളുടെ ബാഹുല്യത്തിൽ ഇത്തരം ഗൗരവ പൂർണ്ണമായ, സ്ത്രീ മുന്നേറ്റങ്ങൾക്ക് ആക്കം നൽകാവുന്ന സ്ത്രീ നാടകോത്സവത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോകുന്നത് വളരെ ഖേദകരമാണ്. എന്നിരുന്നാലും 10 രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെ ഫെസ്റ്റിവൽ കമ്മിറ്റിക്ക് നൽകി സഹായിച്ച എല്ലാ കലാസ്നേഹികളുടെയും പിന്തുണ ആണ് ഫെസ്റ്റിവൽ കമ്മിറ്റിക്ക് ഇത് തുടർന്നു കൊണ്ടു പോകാനുള്ള ശക്തി പകരുന്നത്.
കഴിഞ്ഞ വർഷം നിരീക്ഷയുടെ ദേശീയ സ്ത്രീ നാടകോത്സവത്തിന് പത്ര – ദൃശ്യ മാധ്യമങ്ങൾ നൽകിയ പിന്തുണ ഈ വർഷവും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നാടകോത്സവ സംഘാടക സമിതി : സോയ തോമസ്, മിനി എസ് കെ, രാഖി യു എസ്, സീന കെ. എം, അനില എസ്. കെ, മേഴ്സി അലക്സാണ്ടർ, നിഷി രാജാ സാഹിബ്, രാജരാജേശ്വരി, സുധി ദേവയാനി, സരിത എസ് ബാലൻ’