ഹസനെതിരെയുള്ള വ്യാജ പരാതിയാണെന്ന് ആ സമയത്ത് തന്നെ ആരോപണമുയർന്നിരുന്നു. കൊവിഡ് കാലത്ത് ശമ്പളം പിടിക്കാനുള്ള സർക്കാർ നടപടിയെ എതിർത്ത് സമരം ചെയ്തവരിൽ ഹസനും ഉണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് ഹസനെതിരായ പരാതിയെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഒടുവിൽ പോക്‌സോ കേസിൽ കുട്ടികളുടെ പരാതി അടിസ്ഥാനമാക്കി കൗൺസിലർ നൽകിയ റിപ്പോർട്ട് പ്രധാനാധ്യാപികയ്ക്ക് മുഴക്കുന്ന് പൊലീസ് കൈമാറി. തുടർന്ന് 2023 മാർച്ച് 19ന് എ.കെ ഹസൻ മാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിലായി. 30 ദിവസമാണ് ഹസൻ കണ്ണൂർ സ്‌പെഷ്യൽ സബ് ജെയിലിൽ തടവിൽ കഴിഞ്ഞത്.
22 വർഷക്കാലം കാക്കയങ്ങാട് പാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന ഹസൻ മാഷ് വെറുക്കപ്പെട്ടവനായത് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും സ്‌കൂളിൽ നിന്ന് അഞ്ച് മാസം സസ്‌പെൻഷൻ കിട്ടി. പിന്നാലെ വീടനടുത്തുള്ള സ്‌കൂളിൽ നിന്ന് ദൂരെ മാറി മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റി വിദ്യാഭ്യാസ വകുപ്പും ശിക്ഷിച്ചു.
പിന്നീട് നടന്ന നിയമയുദ്ധത്തിൽ വിധി ഹസൻ മാഷിന് അനുകൂലമായി. വർഷങ്ങളായി വേട്ടയാടപ്പെട്ട ഹസൻ മാഷിന് ജീവിതം തിരികെ ലഭിച്ചതുപോലെയായിരുന്നു ആ നിമിഷം. വിധിക്ക് പിന്നാലെ വൈകാരിക രംഗങ്ങൾക്കാണ് കോടതി മുറ്റം സാക്ഷ്യം വഹിച്ചത്. കോടതി മുറ്റത്ത് വച്ച് പരാതിക്കാരിൽ ഒരാളായ വിദ്യാർത്ഥിനി ഹസൻ മാഷിനടുത്തെത്തി കാൽ തൊട്ട് മാപ്പ് ചോദിച്ചു. തങ്ങൾ കരുവാക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥി കരഞ്ഞുകൊണ്ട് പറഞ്ഞു. വിദ്യാർത്ഥിനിയുടെ പിതാവും മാപ്പപേക്ഷിച്ചു.
തനിക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥികളോട് തനിക്ക് പരിഭവമില്ലെന്ന് ഹസൻ മാഷ് വിതുമ്പിക്കൊണ്ട് പറയുന്നു. അവരെല്ലാം കരുവാക്കപ്പെട്ടവരാണ്. ആരോടും പ്രതികാരം ചെയ്യാനില്ലെന്നും എല്ലാം ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നുവെന്നും ഹസൻ മാഷ് പറഞ്ഞു.