ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 19 വയസ്. 2004 ഡിസംബര്‍ 26 നാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ രാക്ഷസ തിരമാലകള്‍ കേരള തീരം അടക്കമുള്ള പ്രദേശങ്ങളെ തുടച്ചുമാറ്റിയത്. 14 രാജ്യങ്ങളിലെ ഏകദേശം രണ്ടര ലക്ഷം ജനങ്ങളെയാണ് ആഞ്ഞടിച്ച തിരമാലകള്‍ കവര്‍ന്നെടുത്തത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59 നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു.
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി രൂപപ്പെട്ടത്. 2004 ഡിസംബര്‍ 26 ന് രാവിലെ 7.58 നായിരുന്നു സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് ഭൂകമ്പം ഉണ്ടായത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയായി രൂപാന്തരപ്പട്ട് 14 രാജ്യങ്ങളിലെ രണ്ടര ലക്ഷം ജീവനുകളെയാണ് മരണത്തിലേക്ക് വലിച്ചിഴച്ചത്.
ഭൂകമ്പത്തിന് പിന്നാലെ 30 മീറ്റര്‍ ഉയരത്തിലെത്തിയ രാക്ഷസ തിരമാലകള്‍ സുമാത്രയിലെ തീരപ്രദേശങ്ങളും ആൻഡമാൻ നിക്കോബാര്‍ ദ്വീപും തുടച്ചുനീക്കി. മണിക്കൂറുകള്‍ക്കകം തിരമാല മാലിദ്വീപ്, മൗറീഷ്യസ്, ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളെയും വിഴുങ്ങി. ഇന്ത്യോനേഷ്യയിൽ മാത്രം 1,67000 ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. ഏകദേശം 800 കിലോമീറ്റര്‍ തീരപ്രദേശത്തെയാണ് സുനാമി തുടച്ചുനീക്കിയത്. 10 ബില്യൺ ഡോളറിൻ്റെ നാശനഷ്ടമാണ് ശ്രീലങ്ക, ഇന്ത്യ, തായ്ലൻ്റ്, സൊമാലിയ, മാലീദ്വീപ്, മലേഷ്യ, മ്യാൻമാര്‍, താൻസാനിയ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരി വിട്ടുമറുന്നതിന് മുമ്പേയാണ് സുമാത്രയിൽ ഉടലെടുത്ത ഭൂകമ്പം രാക്ഷസത്തിരമാലകളായി രൂപാന്തരപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഭൂകമ്പം 14 രാജ്യങ്ങളിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. ഇന്ത്യൻ സമുദ്രത്തിൽ 100 അടി ഉയരത്തിലാണ് തിരമാലകള്‍ എത്തിയത്. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളെയും സുനാമി വിഴുങ്ങി. ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്ര, പുതുച്ചേരി, ആൻ്റമാൻ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് കടൽ കലിതുള്ളിയത്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവരെ കടലെടുത്തു. വേളാങ്കണ്ണിയിലും കന്യാകുമാരിയിലും ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികളും തീർത്ഥാടകരും ദുരന്തത്തിനിരയായി.
ഇന്ത്യയിൽ 16,000 ജീവനുകളാണ് സുനാമി കവര്‍ന്നെടുത്തത്. തമിഴ്നാട്ടിൽ മാത്രം 7,000 ലധികം ആളുകൾ മരണപ്പെട്ടു. കേരളത്തിൽ 236 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നിരുന്നു.
സുനാമി തിരകള്‍ താണ്ഡവമാടിയ തീരപ്രദേശങ്ങളെ പൂര്‍വ്വസ്ഥിതിയിൽ എത്തിക്കാൻ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് ആവശ്യമായത്. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളും ഒറ്റക്കെട്ടായാണ് പരിശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ ആ കറുത്ത നാളുകളുടെ ഓര്‍മ്മകള്‍ പേറി നിരവധി ആളുകളാണ് കേരളത്തിലടക്കം ഇന്നും ജീവിതം തള്ളിനീക്കുന്നത്.