എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനും എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർക്കും പുതിയ യൂണിഫോം ഉടൻ അവതരിപ്പിക്കുമെന്ന് കാംബെൽ വിൽസൺ അറിയിച്ചു. അടുത്തിടെ എയർലൈനിന്റെ ക്യാബിനും കോക്ക്പിറ്റ് ക്രൂവിനുമായി പുതിയ യൂണിഫോം അവതരിപ്പിച്ചിരുന്നു. ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്രയാണ് യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആദ്യ വിമാനം എ 350-900 ശനിയാഴ്ച ദില്ലിയിൽ എത്തുന്നത്. കസ്റ്റംസ് ക്ലിയറൻസ്, ഉപകരണങ്ങളുടെ പരിശോധനകൾ, ഗ്രൗണ്ട് ടെസ്റ്റുകൾ, പാറക്കൽ ശേഷി തെളിയിക്കുന്ന ഫ്ലൈറ്റുകൾ എന്നിവ ഉൾപ്പെടെ നിരവധി പോസ്റ്റ്-അറൈവൽ റെഗുലേറ്ററി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് കാംബെൽ വിൽസൺ പറഞ്ഞു. സർവീസ് ആരംഭിക്കുന്നതിന് മുൻപ് ഡിജിസിഎ നിർദേശിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.
ശേഷം, പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാരുടെ ശിക്ഷണത്തിൽ ഞങ്ങളുടെ പൈലറ്റുമാരെ പുതിയ വിമാനങ്ങൾ പരിചയപ്പെടുത്താനും A350 പ്രവർത്തനങ്ങളെ പഠിപ്പിക്കാനും കുറച്ച് മാസത്തേക്ക് സമയം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
470 പുതിയ വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് വാങ്ങുന്നത്. 7000 കോടി ഡോളറിന്‍റേതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) ഈ ഇടപാടുകള്‍. വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കരാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം സമഗ്രമായ പരിഷ്കരണ നടപടികളാണ് ഉടമകളായ ടാറ്റാ നടപ്പാക്കുന്നത്.