കഴിഞ്ഞ ദിവസമാണ് സംഭവം. മരട് മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 21-ൽ മാലിന്യം നിക്ഷേപിക്കുന്ന ചതുപ്പ് സ്ഥലത്തേക്ക് കമലാക്ഷി അമ്മ അറിയാതെ വീഴുകയായിരുന്നു. കഴുത്തോളം ചെളിയിൽ മുങ്ങിയ വയോധിക ഒരു മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ചാണ് നാല് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. പ്രദേശവാസിയായ സീനയാണ് ആദ്യം കമലാക്ഷി അമ്മയെ കാണുന്നത്. അത് വരെ ചതുപ്പിൽ ഒരാൾ കുടുങ്ങി കിടക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വീടിന് പുറത്ത് ഉണങ്ങാനിട്ട തുണികളെടുക്കാനായി എത്തിയ സീന ചെറിയ അനക്കം കേട്ട് നോക്കുമ്പാഴാണ് ചതുപ്പിൽ കുടുങ്ങി എഴുന്നേൽക്കാനാവാതെ അവശയായ കമലാക്ഷി അമ്മയെ കാണുന്നത്. ഉടനെ തന്നെ നാട്ടുകാരേയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ സംഘം ചതുപ്പിൽ നിന്നും വയോധികയെ പുറത്തെത്തിച്ചു. ചേറിൽ മുങ്ങി അവശയായ നിലയിലായിരുന്നു ഇവർ. കമലാക്ഷി അമ്മയ്ക്ക് വെള്ളം നൽകി ശരീരത്തെ ചളിയെല്ലാം കളഞ്ഞ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി വീണ്ടെടുത്ത 76 വയസ്സുകാരി ആശുപത്രി വിട്ടു. സീന എന്ന പ്രദേശവാസിയുടെ ഇടപെടൽ ആണ് വയോധികയുടെ ജീവൻ തിരിച്ച് കിട്ടാൻ നിർണായകമായതെന്ന് നാട്ടുകാർ പറഞ്ഞു.