ശുചിത്വ ഗ്രേഡ് നൽകാൻ പരിശോധന തുടങ്ങി പേരാവൂർ ക്ഷീര വികസന വകുപ്പ് നേതൃത്വത്തിൽ ഹരിതകേരളം മിഷൻ ശുചിത്വമിഷൻ എന്നിവയുമായി ചേർന്ന് നടത്തുന്ന “ക്ഷീര ഭവനം സുന്ദര ഭവനം” പദ്ധതിയിൽ ക്ഷീര സംഘം ഓഫീസുകളുടെയും പാൽ അളവ് കേന്ദ്രങ്ങളുടെയും ശുചിത്വ പരിശോധന തുടങ്ങി. പേരാവൂർ ബ്ലോക്ക് പരിധിയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ 12 ക്ഷീര സംഘങ്ങളുടെ പരിശോധനയാണ് ആദ്യ ദിവസം പൂർത്തിയായത്. സർക്കാർ നിശ്ചയിച്ച ഹരിത പ്രോട്ടൊക്കോൾ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന് അനുസരിച്ചു ഗ്രേഡുകൾ നൽകും. വരും ദിവസങ്ങളിൽ ബ്ലോക്ക് പരിധിയിലെ മറ്റു ക്ഷീര സംഘം ഓഫീസുകളും പരിശോധിക്കും. ജനുവരി മുതൽ ഡയറി ഫാമുകളും, പശു തൊഴുത്തുകളും ശുചിത്വ സംവിധാനം പരിശോധിച്ച് ഗ്രേഡ് നൽകും. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ ക്ഷീര സംഘങ്ങളും, ഡയറി ഫാമുകളും, പശു തൊഴുത്തുകളുടെയും ശുചിത്വ പരിശോധന നടക്കുന്നത്. ക്ഷീര വികസന ഓഫീസർ വി കെ നിഷാദ്,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ രേഷ്മ ആറളം, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.