കൊല്ലം: പത്താം വയസിൽ പിടിപെട്ട ജനിതക രോഗം ശരീരവും മനസും തളർത്തിയ കൊല്ലം ഏരൂർ സ്വദേശി ഗൗതം സുരേഷ്. ബയോ മെട്രിക് വിവരങ്ങൾ പതിപ്പിക്കാനാകാത്ത വിധം വിരലുകളേയും കണ്ണിനേയും വരെ ബാധിച്ച രോഗം കാരണം ഗൗതമിന്റെ ആധാർ കാർഡ് പുതുക്കാനാകാതെ ചികിത്സാ സഹായം കിട്ടാതെ വലഞ്ഞ് കുടുംബം. അധികാരികളുടെ കനിവും ഇടപെടലും തേടുകയാണ് മാതാപിതാക്കൾ.അഞ്ചാം വയസിലാണ് ഗൗതം ആധാർ കാർഡ് എടുത്തത്. ഇപ്പോൾ അവന് 15 വയസായി. മൂന്ന് മാസം മുൻപ് ചികിത്സാ ആനുകൂല്യങ്ങൾക്ക് ആധാർ നമ്പർ നൽകിയപ്പോൾ ഒടിപി വരുന്നില്ല. 15 വയസിൽ ആധാർ പുതുക്കണമെന്ന് നിർദ്ദേശം ലഭിച്ചു. സംസാരശേഷിയെ വരെ ബാധിച്ച അപൂർവ്വ ജനിത രോഗം ഗൗതമിനെ മാത്രമല്ല കുടുംബത്തെയാകെ തളർത്തി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുമിടുക്കനായിന്നു ഗൗതം. സ്വകാര്യ സ്ഥാപനത്തിൽ വിതരണക്കാരനായി ജോലി ചെയ്യുകയാണ് ഗൗതമിന്റെ അച്ഛൻ. അമ്മ താര. 11 വയസുകാരി ഗംഗ സഹോദരി.