ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമവിജ്ഞാപനങ്ങൾക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിരുന്നു.
പുനഃപരിശോധനാ ഹർജി അനുവദിച്ചതിനാൽ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്പോൾ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകൾ നേരത്തെ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾ അംഗീകരിച്ചു കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞെന്ന് സർക്കാരിന് അഭിമാനത്തോടെ പറയാം.
നവകേരള സദസ്സ് ജനാധിപത്യത്തിൻ്റെ മാത്രമല്ല; ഭരണനിർവ്വഹണത്തിൻ്റെ കൂടി പുതിയ ഒരു മാതൃക ഉയർത്തുകയാണ്. ഓരോ വേദിയിലും തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങൾ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെപരിഹാരങ്ങൾ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണ്.
നവംബർ 18,19 തീയതികളിൽ കാസർകോട് ജില്ലയിൽ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളിൽ ആകെ 14701 നിവേദനകളാണ് ലഭിച്ചത്. 255 എണ്ണം തീർപ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളിൽ പരിഗണനയിലാണ്. പൂർണമല്ലാത്തതും അവ്യക്തവുമായ 14 പരാതികൾ പാർക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.
തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവിൽ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വർഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതൽ നിവേദനങ്ങൾ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ലൈഫ് പദ്ധതി ഉൾപ്പെടെ 4488, റവന്യു വകുപ്പിൽ 4139 , കളക്ടറേറ്റിൽ 580, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിൽ 496, പൊതു വിദ്യാഭ്യാസ വകുപ്പിൽ 359, പൊതുമരാമത്ത് വകുപ്പിൽ 331, തൊഴിൽ വകുപ്പിൽ 305, പട്ടികജാതി പട്ടിക വർഗവികസന വകുപ്പിൽ 303, സഹകരണ വകുപ്പിൽ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങൾ പരിഗണനയ്ക്കു വന്നത്.
കണ്ണൂർ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്.. ഏറ്റവുമധികം നിവേദനങ്ങൾ എൽഎസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളിൽ 4614 എണ്ണത്തിൽ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീർപ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവിൽസപ്ലൈസ്-1265, തൊഴിൽ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ. ഇതിൽ ഇതുവരെ 312 എണ്ണം തീർപ്പാക്കി. 12510 ൽ നടപടി ആരംഭിച്ചു.
വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നവകേരള സദസ്സിനു ഇതിനകം സാധിച്ചു. ഉദാഹരണമായി കാസർകോട് മുളിയാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ഏരിഞ്ചേരിയിൽ 9 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം ഉയരാൻ പോവുകയാണ്. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തിനാണ് ദിവസങ്ങൾക്കുള്ളിൽ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്.