തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കൂട്ടുപുഴയിൽ പഴയ പാലത്തിന് പകരം പുതിയ പാലം വന്നു എന്നൊരുമാറ്റം മാത്രമേ ഉണ്ടായിട്ടുള്ളൂ. മറ്റ് വികസനങ്ങളോ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ ഒന്നും ഇവിടെയില്ല.
എക്സൈസിന്റെയും ആർ.ടി.എയുടേയും സ്ഥിരം ചെക് പോസ്റ്റുകളും പോലീസിന്റെ 24 മണിക്കൂർ പരിശോധനയുമുള്ള പ്രദേശമായിട്ടും ഇവിടെ മറ്റ് അടിസ്ഥാനസൗകര്യങ്ങളൊന്നും നിലവിലില്ല. മലയോരത്തെ മൂന്ന് പഞ്ചായത്തുകളുമായി അതിരിടുന്ന പ്രദേശമാണ് കൂട്ടുപുഴ. ഉളിക്കൽ, പായം, അയ്യൻകുന്ന് പഞ്ചായത്തുകൾക്കൊപ്പം കർണാടകയുടെ ബേട്ടോളി പഞ്ചായത്തും കൂട്ടുപുഴയുമായി അതിരിടുന്നു. കൂടാതെ, പേരാവൂർ, ഇരിക്കൂർ നിയോജക മണ്ഡലവുമായും കർണാടകയിലെ വിരാജ്‌പേട്ട നിയോജകമണ്ഡലവുമായും അതിരിടുന്ന പ്രദേശം എന്ന പ്രധാധ്യവും കൂട്ടുപുഴയ്ക്കുണ്ട്. ഇരിട്ടിയിൽനിന്ന് മാക്കൂട്ടം ചുരംപാത വഴി ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്കും പേരട്ട, മാട്ടറ, ഭാഗങ്ങളിലേക്കുമുള്ള പ്രധാന കവലയാണ് കൂട്ടുപുഴ പുതിയ പാലം ഉൾപ്പെടുന്ന പ്രദേശം.
കർണാടകയിലേക്ക് പോകാനായി ഇവിടെയെത്തുന്നവർക്ക് ഒന്ന് കയറി നിൽക്കാൻപോലും ഇവിടെ സൗകര്യമില്ല. സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും തൊഴിലാളികളും ഉൾപ്പെടെ വലിയൊരു വിഭാഗം യാത്രക്കാരും കൂട്ടുപുഴ പാലം കവലയിൽ എത്തിയാണ് കർണാടകത്തിലേക്കുള്ള യാത്ര തുടരുന്നത്.
മലയോര മേഖലയിൽനിന്ന് കർണാടകയുടെ തോട്ടംമേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേരും കൂട്ടുപുഴയിൽ ബസിറങ്ങിയാണ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതും. വെയിലും മഴയുമേറ്റ് വേണം ബസിനായുള്ള കാത്തിരിപ്പ്. ഇത് ഇനിയും എത്രനാൾ എന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്.