തിങ്കളാഴ്ച ഉച്ചയോടെ മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 km അകലെ മാത്രം സ്ഥിതി ചെയ്യുകയാണ്. തമിഴ്നാട്ടിൽ ശക്തമായ കാറ്റും മഴയും ഇന്ന് രാത്രി വരെ തുടരാൻ സാധ്യതയുണ്ട്. തീവ്ര ചുഴലിക്കാറ്റ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ അഞ്ചിന് രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കരതൊടുന്നത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം തീവ്രതയിലുള്ളതോ ആയ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.