ഇത് അസുഖം ബാധിച്ചിരിക്കുന്ന വിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്താനേ ഉപകരിക്കൂ എന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാൽ, മറ്റ് ചിലർ പ്രതിസന്ധികൾക്കിടയിലും പഠനം മുടങ്ങാതിരിക്കാൻ ഇത് സഹായകമാകും എന്ന് അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേകം ‘ഹോംവർക്ക് സോണുകളി’ലിരുന്ന് ഹോംവർക്ക് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വ്യാപകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ജിയാങ്‌സു, അൻഹുയി എന്നിവയുടെ കിഴക്കൻ പ്രവിശ്യകളിലും മധ്യ ഹുബെയ് പ്രവിശ്യകളിലുമുള്ള ആശുപത്രികളിലാണ് കൂടുതലായും ഇത്തരം ഹോംവർക്ക് സോണുകൾ സജ്ജീകരിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇവിടെ പ്രത്യേകം മേശകളും കസേരകളും ഒക്കെ വിദ്യാർത്ഥികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ പരിചരണവും കരുതലും കിട്ടുന്നില്ലേ എന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റി -നോട് ഒരു രക്ഷിതാവ് പറഞ്ഞത് ആശുപത്രിയിലെ ഈ ഹോംവർക്ക് സോൺ കണ്ട് താൻ ആശ്ചര്യപ്പെട്ടുപോയി എന്നാണ്. തന്റെ കുട്ടിയെ ആശുപത്രിയിൽ വച്ച് ഹോംവർക്ക് ചെയ്യിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, പ്രത്യേകമായി തയ്യാറാക്കിയ ഹോംവർക്ക് സോണും അവിടുത്തെ അന്തരീക്ഷവും ഒക്കെ കണ്ടപ്പോൾ കുട്ടിയോട് ഹോംവർക്ക് ചെയ്യാൻ താൻ പറഞ്ഞു എന്നും രക്ഷിതാവ് പറഞ്ഞു. അതുപോലെ മറ്റൊരു രക്ഷിതാവ് പറഞ്ഞത് ഈ സാഹചര്യം കാരണം കുട്ടികൾ തിരികെ സ്കൂളിലെത്തുമ്പോൾ പിന്നിലായി പോകില്ല എന്നാണ്.