മണ്ണ് തിരിച്ചിറക്കാതെ ടോറസ് ലോറി വിടില്ലെന്ന് പറഞ്ഞുകൊണ്ട് സ്ത്രീകൾ ലോറി വളഞ്ഞു. പാലമേലെ സ്ത്രീകളെ വെല്ലുവിളിക്കാൻ മണ്ണ് മാഫിയ ആയിട്ടില്ലെന്നും വേണ്ടി വന്നാൽ ലോറിയിൽ കയറി മണ്ണിറക്കുമെന്നും സ്ത്രീകൾ പറയുന്നു. ലോറിയിൽ നിന്ന് ഡ്രൈവറെ ഇറക്കിവിടാനും പ്രതിഷേധക്കാർ ശ്രമിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രദേശത്തുണ്ട്. പൊലീസും എത്തിയിട്ടുണ്ട്. ലോറിയിൽ നിന്ന് മണ്ണിറക്കുന്നതിൽ നിന്ന് പൊലീസ് സ്ത്രീകളെ തടഞ്ഞു. റാന്നി MLA പ്രമോദ് നാരായണൻ റോഡിലിരുന്ന് പ്രതിഷേധിച്ചു.
സർക്കാരിനെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് കരാറുകാരൻ ഇവിടെ നിൽക്കുന്നതെന്ന് പാലമേൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സജി പറഞ്ഞു. സർക്കാരിനെ വെല്ലുവിളിച്ച് മണ്ണ് മാഫിയക്കാരൻ ഈ അഹങ്കാരം കാണിക്കുമ്പോൾ നിലയ്ക്ക് നിർത്തണ്ടേയെന്ന് സജി ചോദിക്കുന്നു.
കോടതി പരിഗണനയിലുള്ള വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. അതിനിടെ, കരാറുകാരനെതിരെ ആലപ്പുഴ ജില്ലാ കളക്ടർ ജോൺ വി സാമുവൽ രംഗത്ത് വന്നു. മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ മന്ത്രി ഉത്തരവിട്ടതാണെന്നും സ്റ്റോപ്പ് മെമ്മോ എന്തിനാണെന്നും കളക്ടർ ചോദിക്കുന്നു. മനഃപൂർവം പ്രശ്‌നമുണ്ടാക്കുകയാണ് കരാറുകാരന്റെ ലക്ഷ്യമെന്ന് കളക്ടർ പറയുന്നു. വിഷയം ചർച്ച ചെയ്യാൻ ആലപ്പുഴ ജില്ലാ കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തി.