25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നൂറാം വയസില്‍ ആദ്യമായി അയ്യനെ കാണാന്‍ പാറുക്കുട്ടിയമ്മ; യുദ്ധം അവസാനിപ്പിക്കണേയെന്ന് തൊഴുത് പ്രാര്‍ത്ഥിക്കും
Uncategorized

നൂറാം വയസില്‍ ആദ്യമായി അയ്യനെ കാണാന്‍ പാറുക്കുട്ടിയമ്മ; യുദ്ധം അവസാനിപ്പിക്കണേയെന്ന് തൊഴുത് പ്രാര്‍ത്ഥിക്കും

കല്‍പ്പറ്റ: ആദ്യമായി അയ്യപ്പനെ കാണാന്‍ നൂറാം വയസില്‍ ശബരിമലയിലേക്ക് പോകാനൊരുങ്ങുകയാണ് പാറുക്കുട്ടി. വയനാട് മൂന്നാനക്കുഴി സ്വദേശിയാണ് പറയരുത്തോട്ടത്തില്‍ പാറുക്കുട്ടിയമ്മ. 1923 ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. കൊച്ചുമകനും കൊച്ചുമകന്‍റെ മക്കള്‍ക്കുമൊപ്പമാണ് പാറുക്കുട്ടി മലചവിട്ടാന്‍ പോകുന്നത്. അയ്യപ്പ ദര്‍ശനത്തിന് എന്തേയിത്ര വൈകിയതെന്ന ചോദ്യത്തിന് അങ്ങനെ വൈകിപ്പോയി എന്നാണ് മറുപടി. എന്നാല്‍ പതിനെട്ടാംപടി കയറി അയ്യനെ കണ്ട് തൊഴുമ്പോള്‍ പറയാന്‍ ചില കാര്യങ്ങളുണ്ട്.

പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷിന്റെ ഭാര്യ ജോലി ചെയ്യുന്നത് ഇസ്രയേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോട് പ്രാര്‍ഥിക്കുമെന്നാണ് പാറുക്കുട്ടിയമ്മ പറയുന്നത്. കൊച്ചുമകന്‍ ഗിരീഷ്, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരാണ് മുത്തശ്ശിക്ക് കൂട്ട്. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നമൊക്കെ ഫോണിലൂടെയും ടിവിയിലൂടെയുമൊക്കെ പാറുക്കുട്ടിയമ്മ അറിയുന്നുണ്ട്. യുദ്ധമൊക്കെ സങ്കടം തരുന്ന കാര്യമാണ്. സമാധാനം എല്ലാവര്‍ക്കും എല്ലായിടത്തും വേണം. അതിനൊക്കെ വേണ്ടിയാണ് തന്റെ ഈ ശബരിമല യാത്രയെന്നും പാറുക്കുട്ടിയമ്മ ചൂണ്ടിക്കാട്ടുന്നു. 41 ദിവസത്തെ വ്രതം നോറ്റ് പാറുകുട്ടിയമ്മ ഡിസംബര്‍ രണ്ടാം തിയ്യതി കൊച്ചുമക്കളുടെ കൈപിടിച്ച് മലകയറും.

അമ്മമ്മയുടെ വലിയ ആഗ്രഹമായിരുന്നു പതിനെട്ടാംപടി ചവിട്ടുകയെന്നത്. ഇത്തവണ മക്കളും താനും മാലയിട്ടപ്പോള്‍ കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വരണം എന്ന് പറഞ്ഞതായി കൊച്ചുമകന്‍ ഗിരീഷ് പറഞ്ഞു. പരമാവധി നടന്ന് തന്നെ മല കയറണമെന്നാണ് പാറുകുട്ടിയമ്മയുടെ ആഗ്രഹം. അയ്യനെ ആവോളം കണ്ട് ലോകത്തിന്റെ വേദനകള്‍ പറയണം. നാട്ടിലെയും കുടുംബത്തിലെയും ആവലാതികള്‍ പറയണം. മനസ് നിറഞ്ഞ് തിരിച്ചിറങ്ങണം. കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ നിരവധി തവണ മലക്ക് പോയി വന്നു. ഈ സമയത്തെല്ലാം എല്ലാവരും വിളിക്കാറുണ്ടായിരുന്നെങ്കിലും തനിക്ക് മലകയറ്റം സാധ്യമായത് നൂറാം വയസിലാണെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു.

Related posts

ദ്യൂതീ മെഗാ തൊഴില്‍ മേള 16ന്;

Aswathi Kottiyoor

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു

Aswathi Kottiyoor
WordPress Image Lightbox