ആലപ്പുഴയില്‍ എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ 7.9 ഗ്രാം മെത്താഫിറ്റമിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി യുവാവിനെ പിടികൂടി. അമ്പലപ്പുഴ മുല്ലാത്ത് വളപ്പ് സ്വദേശി ബാദുഷ(24)യാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ മാഹീനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മാഹിന്‍ തല്‍സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു. ആലപ്പുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ആന്റണി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജി എം വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്തഫ. എച്ച്, ബിയാസ്, മായാജി, പ്രതീഷ് പി നായര്‍, ഷഫീക്ക്. കെ എസ്, എക്‌സൈസ് ഡ്രൈവര്‍ ഷാജു സി ജി എന്നിവര്‍ പങ്കെടുത്തു.
അതേസമയം, ചെങ്ങന്നൂരില്‍ ആക്ടീവ സ്‌കൂട്ടറില്‍ വില്പനയ്ക്ക് കൊണ്ടുവന്ന അഞ്ചര ലിറ്റര്‍ വാറ്റ് ചാരായം പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു. ചാരായം കടത്തിക്കൊണ്ടു വന്ന ചെറിയനാട് സ്വദേശി രാജേഷ്‌നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ബിനു, രാജീവ്, പ്രവീണ്‍, ദീപു, ജോബി ചാക്കോ എന്നിവരും പങ്കെടുത്തു.