ഇതിന് പുറമെ റൂം മേറ്റിൽ നിന്ന് മിസ്രിയയ്ക്ക് കുത്തുവാക്കുകൾ കേൾക്കേണ്ടിയും വന്നു. മിസ്രിയയെ കരയിച്ച് ഹോസ്റ്റലിൽ നിന്ന് കുടിയിറക്കുമെന്നും കൊല്ലുമെന്നും വരെ ഭീഷണിയുണ്ടായിരുന്നു. ‘നിനക്കും നിന്റെ വീട്ടുകാർക്കും മാനസികമാണ്. മാതാപിതാക്കൾക്ക് മാനസികമാകുന്നത് ഡിസേബിൾഡ് ആയ നീ ഉള്ളതുകൊണ്ടാണ്, നിന്നെ കാണുമ്പോൾ അറപ്പും കലിയുമാണ്’- മിസ്രിയയോട് റൂംമേറ്റ് പറഞ്ഞ വാക്കുകളാണ് ഇത്. പരാതി നൽകിയാൽ പൊലീസ് സ്റ്റേഷനിൽ മിസ്രിയയ്ക്ക് കാമുകനുണ്ടെന്ന് പറയുമെന്നും റൂംമേറ്റ ഭീഷണിപ്പെടുത്തി.
മിസ്രിയയുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ഷാദിയ പി.കെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. പിന്നാലെ നിരവധി പേർ മിസ്രിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നു. താമസ സൗകര്യം ഒരുക്കൂന്നതിൽ അനാസ്ഥ കാണിച്ച കോളെജ് അധികാരികൾക്ക് എതിരെയും നിരന്തരം മാനസികമായി പീഡീപ്പിച്ച വിദ്യാർത്ഥികൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് ശ്രദ്ധയിൽപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കോളജ് പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും നിർദേശം നൽകുകയായിരുന്നു.