26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • *കൂടുതല്‍ ആശുപത്രികളില്‍ ശ്വാസ് ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്*
Uncategorized

*കൂടുതല്‍ ആശുപത്രികളില്‍ ശ്വാസ് ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്*

തിരുവനന്തപുരം: കൂടുതല്‍ ആശുപത്രികളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശ രോഗികള്‍ക്കായുള്ള പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സി.ഒ.പി.ഡി. സെന്റര്‍ തൃശൂര്‍ നെഞ്ചുരോഗ ആശുപത്രിയില്‍ ഈ വര്‍ഷം ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സി.ഒ.പി.ഡി. രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി. ലോക സി.ഒ.പി.ഡി. ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease). വിട്ടുമാറാത്തതും കാലക്രമേണ വര്‍ദ്ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പലതരം പുകകള്‍, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. പ്രതിവര്‍ഷം 3 ദശലക്ഷം മരണങ്ങള്‍ സി.ഒ.പി.ഡി. മൂലം സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയില്‍ മാരകരോഗങ്ങളില്‍ സി.ഒ.പി.ഡി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ രോഗത്തിന്റെ വ്യാപ്തി മനസിലാക്കിക്കൊണ്ട് അവബോധം വളര്‍ത്തുവാനാണ് 2002 മുതല്‍ നവംബര്‍ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക സി.ഒ.പി.ഡി. ദിനമായി ആചരിക്കുന്നത്.

‘ശ്വാസമാണ് ജീവന്‍ – നേരത്തെ പ്രവര്‍ത്തിക്കൂ’ (Breathing is Life – Act Earlier) എന്നുള്ളതാണ് ഈ വര്‍ഷത്തെ ലോക സി.ഒ.പി.ഡി. ദിന സന്ദേശം. ശ്വാസകോശ ആരോഗ്യം കുട്ടിക്കാലം മുതല്‍ തന്നെ സംരക്ഷിക്കേണ്ടതിന്റെയും നേരത്തെയുള്ള രോഗ നിര്‍ണയത്തിന്റെയും ചികിത്സയുടെയും പ്രാധാന്യവും ഊട്ടി ഉറപ്പിക്കുന്നതാണ് ഈ സന്ദേശം.

സംസ്ഥാനത്ത് 5 ലക്ഷത്തോളം സി.ഒ.പി.ഡി. രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ സി.ഒ.പി.ഡി.യെ എന്‍.സി.ഡി.യുടെ ഭാഗമായി ഉള്‍പ്പെടുത്തുകയും പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ‘ശ്വാസ്’ എന്ന പേരില്‍ ഒരു നൂതന സംരംഭം ആരംഭിക്കുകയും ചെയ്തു. ഈ പദ്ധതിയിലൂടെ കേരളത്തില്‍ നിലവിലുള്ള രോഗികള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രി വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ കൃത്യമായ ചികിത്സ ഉറപ്പുവരുത്തുന്നു.

സ്‌പൈറോമെട്രി പരിശോധനയിലൂടെ കൃത്യമായ രോഗനിര്‍ണയം, ശ്വാസ് ചികിത്സാ മാര്‍ഗരേഖ പ്രകാരമുള്ള കൃത്യമായ ചികിത്സ, സൗജന്യമായി ഇന്‍ഹേലര്‍ മരുന്നുകള്‍, പുകവലി നിര്‍ത്തുന്നതിനായുള്ള ചികിത്സ, പള്‍മണറി റീഹാബിലിറ്റേഷന്‍, കൗണ്‍സിലിങ്, കൃത്യമായ റഫറലും ഫോളോ അപ്പും എന്നീ സേവനങ്ങള്‍ ശ്വാസ് ക്ലിനിക്കുകളിലൂടെ നല്‍കുന്നത്.

Related posts

കോഴിക്കോട് വളയത്ത് പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തിയ 2 പേര്‍ അറസ്റ്റിൽ

Aswathi Kottiyoor

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം;പൊലീസിന് നേർക്ക് കല്ലേറ്, ഒരാൾക്ക് പരിക്ക്; 4 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

ഭക്ഷ്യസുരക്ഷയില്ല, 7 ഹോട്ടലുകൾക്കെതിരെ നടപടി; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

Aswathi Kottiyoor
WordPress Image Lightbox