ന്യൂയോർക്ക്: മെഡിക്കൽ സയൻസ് രംഗത്ത് നിർണായക നേട്ടവുമായി യുഎസിലെ ശാസ്ത്രജ്ഞർ. ഒരു മനുഷ്യനിൽ ആദ്യമായി മുഴുവൻ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എന്നാൽ, രോഗിക്ക് മാറ്റിവെച്ച കണ്ണിന് കാഴ്ച ലഭിച്ചില്ലെങ്കിലും നേട്ടം മെഡിക്കൽ രംഗത്ത് മുന്നേറ്റമായി കണക്കാക്കുന്നു. ഭാഗിക മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായിട്ടായിരുന്നു കണ്ണും മാറ്റിവെച്ചത്. അന്താരാഷ്ട്രാ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആറ് മാസത്തിനുള്ളിൽ മാറ്റിവെച്ച കണ്ണിൽ രക്തക്കുഴലുകളും റെറ്റിനയും ഉൾപ്പെടെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ കാണിക്കുന്നതായും ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാങ്കോൺ ഹെൽത്തിലെ ശസ്ത്രക്രിയാ സംഘം പറഞ്ഞു.