22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സ്കൂളിന് മുന്നിൽ ഇറക്കിവിട്ട മകൾ ക്ലാസിലെത്തിയില്ലെന്ന് അച്ഛന് മെസേജ്; 15കാരിയെ കണ്ടെത്താൻ ഉടൻ ഇടപെട്ട് പൊലീസ്
Uncategorized

സ്കൂളിന് മുന്നിൽ ഇറക്കിവിട്ട മകൾ ക്ലാസിലെത്തിയില്ലെന്ന് അച്ഛന് മെസേജ്; 15കാരിയെ കണ്ടെത്താൻ ഉടൻ ഇടപെട്ട് പൊലീസ്

ന്യൂഡല്‍ഹി: സ്കൂളിന് മുന്നില്‍ നിന്ന് 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായതെന്ന് ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായത് മുതല്‍ ഇയാളെക്കുറിച്ച് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഡല്‍ഹി സന്‍സദ് മാര്‍ഗിലെ പ്രശസ്തമായ ഒരു സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നവംബര്‍ മൂന്നാം തീയ്യതി രാവിലെയായിരുന്നു സംഭവം. സ്കൂളില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കുട്ടി എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സ്കൂളിലെ രീതി അനുസരിച്ച് വിവരം അറിയിച്ചുകൊണ്ട് കുട്ടിയുടെ അച്ഛന് മെസേജ് അയച്ചു. സ്കൂളിന് മുന്നില്‍ അല്‍പം മുമ്പ് താന്‍ കൊണ്ടുവിട്ട മകള്‍ ക്ലാസില്‍ എത്തിയിട്ടില്ല എന്ന് അറിഞ്ഞ് അമ്പരന്ന പിതാവ് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. നേരത്തെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ച് സംശയം തോന്നിയിരുന്നതിനാല്‍ അക്കാര്യവും അച്ഛന്‍ പൊലീസിനെ അറിയിച്ചു.ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല. ഇതോടെ ഇയാളെക്കുറിച്ചുള്ള സംശയം വര്‍ദ്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളായി. ഇതിനിടെ ഇയാള്‍ കുട്ടിയെ ബംഗ്ല സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം കുട്ടിയെ റോഡില്‍ ഇറക്കി വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്ന് സ്ഥലത്തു നിന്ന് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കുട്ടി ഇയാളുടെ വാഹനത്തിലായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. എന്നാല്‍ യുവാവിന്റെ പെരുമാറ്റം ശരിയല്ലെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതോടെ ഈ വാഹനത്തിലെ യാത്ര അവസാനിപ്പിച്ച് അച്ഛന്‍ നേരിട്ടു തന്നെ മകളെ സ്കൂളില്‍ എത്തിക്കാന്‍ തുടങ്ങി. സംഭവം നടന്ന നവംബര്‍ മൂന്നാം തീയ്യതിയും അച്ഛന്‍ തന്നെയാണ് കുട്ടിയെ സ്കൂള്‍ ഗേറ്റിന് മുന്നില്‍ കൊണ്ടു വിട്ടത്.

എന്നാല്‍ മകളെ സ്കൂളിന് മുന്നില്‍ ഇറക്കി അച്ഛന്‍ പോയതിന് പിന്നാലെ, പഴയ ഡ്രൈവര്‍ സ്ഥലത്തെത്തി. നേരത്തെയുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമാപണം നടത്താനെന്ന പേരില്‍ സംസാരം തുടങ്ങുകയും കുട്ടിയെ വാഹനത്തില്‍ ഇരുന്ന് സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുട്ടി വാഹനത്തില്‍ കയറിയതോടെ ഇയാള്‍ കുട്ടിയെയും കൊണ്ട് സ്ഥലത്തു നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്കൂളില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കുട്ടി ക്ലാസില്‍ എത്തിയില്ലെന്ന മെസേജ് അച്ഛന് കിട്ടിയതോടെ അച്ഛന്‍ പൊലീസിനെ അറിയിക്കുകയും ഉടന്‍ തന്നെ പൊലീസ് തെരച്ചില്‍ തുടങ്ങുകയും ചെയ്തതോടെ അധികം വൈകാതെ പിടിയിലാവുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts

എൻ പേര് ഹക്കീം, എനക്ക് ഇന്നും ഒരു പേരിറുക്ക്! തൊഴിലാളികൾക്കിടയിൽ അവൻ ഛോട്ടാഭായ്, 20 വയസിലേ നോട്ടപ്പുള്ളി

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox