കുമ്പിടി നിരപ്പ് പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്കിന്റെ മകൻ മുസമ്മിലാണ് മരിച്ചത്. തിങ്കൾ രാവിലെ 10.30ന് മുബാറക്കിന്റെ വീട്ടിലേക്ക് വിറകുകീറാൻ യന്ത്രവുമായി എത്തിയ പിക്കപ് വാൻ തിരിക്കാനായി പിന്നിലേക്ക് എടുക്കവേയാണ് അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡിലേക്ക് ഇറങ്ങിവരികയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പിക്കപ് വാനിന്റെ ചക്രം കയറി. തലയിൽ സാരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉമ്മ: ആരിഫ. സഹോദരങ്ങൾ: ദിൽസാന, ഇല്യാസ്.