കാസർഗോഡ് സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഈ മാസം ഏഴിന് ജാമ്യ ഹർജി കോടതി പരിഗണിക്കും. പ്രധാനധ്യാപിക ഒളിവിൽ തുടരുകയാണ്. കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം.കാസർഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്