23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കിവികളെ അടിച്ചുപറത്തി, എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക, ഇന്ത്യയെയും മറികടന്ന കുതിപ്പ്! കുരുക്കിലായി ന്യൂസിലൻഡ്
Uncategorized

കിവികളെ അടിച്ചുപറത്തി, എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക, ഇന്ത്യയെയും മറികടന്ന കുതിപ്പ്! കുരുക്കിലായി ന്യൂസിലൻഡ്

പൂനെ: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പൻ ജയം. ന്യൂസിലൻഡിനെ 191 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും വാന്‍ഡെര്‍ ദസ്സനും 4 വിക്കറ്റ് നേടിയ കേശവ് മഹാരാജും 3 വിക്കറ്റ് നേടിയ മാർക്കോ ജാൻസണുമാണ് ആഫ്രിക്കൻ ശക്തികളുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. വമ്പൻ വിജയത്തോടെ ഇന്ത്യയെയും മറികടന്ന് ദക്ഷിണാഫ്രിക്ക പോയിൻ്റ് ടേബിളിൽ മുന്നിലെത്തി. ഇന്നത്തെ പരാജയത്തോടെ ന്യൂസിലൻഡ് കുരുക്കിലാകുകയും ചെയ്തു.

358 റണ്‍സിൻ്റെ വമ്പൻ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കം പ്രതീക്ഷിച്ച ന്യൂസിലൻഡിന് ആദ്യം തന്നെ ദേവൻ കോൺവെയെ നഷ്ടമായി. 2 റൺസ് നേടിയ കോൺവെയെ മാർക്കോ ജാൻസനാണ് പുറത്താക്കിയത്. പിന്നാലെ 9 റൺസ് നേടിയ രുചിൻ രവീന്ദ്രയെകൂടി ജാൻസൺ പുറത്താക്കിയതോടെ ന്യൂസിലൻഡ് പതറി. ഡാരിൽ മിച്ചലും വിൽ യംങും പൊരുതാൻ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. മിച്ചൽ 24 റൺസിലും യംങ് 33 റൺസിലും ബാറ്റ് താഴ്ത്തിയതോടെ കിവികളുടെ പതനം ഉറപ്പായി. 4 റൺസ് നേടിയ ടോം ലഥവും 7 റൺസ് വീതം നേടി മിച്ചൽ സാറ്റ്നറും ടിം സൌത്തിയും പിന്നാലെ കൂടാരം കയറി. ജെയിംസ് നിഷാം റൺസ് പോലും നേടാനാകാതെ പുറത്തായപ്പോൾ ട്രെൻ്റ് ബോൾട്ട് 9 റൺസ് നേടി മടങ്ങി. 60 റൺസ് നേടി പൊരുതി നോക്കിയ ഗ്ലെയിൻ ഫിലിപ്പ്സാണ് കിവികളുടെ ടോപ് സ്കോറർ.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാന്‍ഡര്‍ ദസ്സന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെടുത്തത്. 118 പന്തില്‍ 133 റണ്‍സെടുത്ത വാന്‍ഡെര്‍ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഡി കോക്ക് 116 പന്തില്‍ 114 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഡേവിഡ‍് മില്ലറും(30 പന്തില്‍ 53) ഹെന്‍റിച്ച് ക്ലാസനും (ഏഴ് പന്തില്‍ 15*) അവസാന പന്ത് സിക്സിന് പറത്തിയ എയഡന്‍ മാര്‍ക്രവും(6*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 357ല്‍ എത്തിച്ചു. ന്യൂസിലന്‍ഡിനായി ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു.

Related posts

സീറ്റ് വിഭജന കടമ്പ കടന്ന് ഇടതുമുന്നണി: സിപിഎം സംസ്ഥാന സമിതി ദ്വിദിന യോഗം ഇന്ന് തുടങ്ങും

Aswathi Kottiyoor

ഓസ്ട്രേലിയയിൽ തൊഴിൽ തേടുന്ന മലയാളികള്‍ക്ക് സന്തോഷവാർത്ത; തിരുവനന്തപുരം കേന്ദ്രമാക്കി പ്രത്യേക സംവിധാനമായി

Aswathi Kottiyoor

മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox