ദില്ലി: രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് അപഹരിച്ച കേസിൽ 10 ദില്ലി പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന അനുമതി നൽകി. 2019 ൽ എടുത്ത കേസിലാണ് നടപടി. ദില്ലി പൊലീസിലെ സാമ്പത്തിക വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസ വഞ്ച അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഇവർ സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മീനാ കുമാരി, ഹരേന്ദര്‍, വിജേന്ദര്‍ സിംഗ്, വിജു പികെ, ആനന്ത് കുമാര്‍, കൃഷന്‍ കുമാർ, അനിൽ കുമാർ, രവീന്ദര്‍, സഞ്ജയ് ദഹിയ, രോഹിത് എന്നീ ഉദ്യോഗസ്ഥരെയാണ് പ്രോസിക്യൂട്ട് ചെയ്യുക. 2.44 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കൃഷന്‍ കുമാര്‍, വിജേന്ദര്‍ സിംഗ്, അനില്‍ കുമാര്‍, മീനാ കുമാരി എന്നിവര്‍ കുറ്റം സമ്മതിച്ചതായാണ് ആഭ്യന്തര വകുപ്പ് വിശദമാക്കുന്നത്. ഇവരെ ദില്ലി പൊലീസ് ഇതിനോടകം പിരിച്ച് വിട്ടിട്ടുമുണ്ട്.
പ്രതികളുടെ അക്കൌണ്ടുകള്‍ പിടിച്ചെടുത്തെങ്കിലും പണം കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമാക്കുന്നത്. തങ്ങളുടെ അക്കൌണ്ടിലേക്ക് ലഭിച്ച പണം 20 ശതമാനം കമ്മീഷന്‍ എടുത്തതിന് ശേഷം കുറ്റാരോപിരായ പൊലീസുകാരിലൊരാളായ അവില്‍ കുമാറിന്റെ ബന്ധുക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം.