തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ‘ഫ്‌ളഡ് പ്രിവൻഷൻ ആക്ഷന് പ്ലാൻ’ തയാറാക്കി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി പൂർത്തീകരിക്കേണ്ടുന്ന പ്രവർത്തികളുൾപ്പെടുത്തി നൂറ് ദിന കർമ്മ പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടുന്ന പദ്ധതികളും ഉൾപ്പെടുന്നതാണ് ആക്ഷൻ പ്ലാൻ.തൈക്കാട് ഗസ്റ്റ് ഹൗസിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന പദ്ധതികൾക്ക് രൂപം നൽകിയത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആമയിഴഞ്ചാൻ, പട്ടം, ഉള്ളൂർ ഉൾപ്പെടെയുള്ള തോടുകൾ വൃത്തിയാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.