23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ലോക സ്‌ട്രോക്ക് ദിനം: എന്താണ് സ്ട്രോക്ക്, ലക്ഷണങ്ങള്‍, പുതിയ ചികിത്സകള്‍;
Uncategorized

ലോക സ്‌ട്രോക്ക് ദിനം: എന്താണ് സ്ട്രോക്ക്, ലക്ഷണങ്ങള്‍, പുതിയ ചികിത്സകള്‍;

സ്ട്രോക്ക്, ലോകമെമ്പാടുമുള്ള പ്രധാന മരണ-അംഗവൈകല്യ കാരണങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ പ്രതിവർഷം 90 മുതൽ 100 വരെ ആളുകള്‍ക്ക് സ്ട്രോക്ക് വരുന്നുവെന്നാണ് കണക്കുകള്‍. നാലിൽ ഒരാൾക്ക് ജീവിതകാലത്ത് സ്ട്രോക്ക് വരാനുള്ള സാധ്യതയും ഉണ്ട്.
ഹൃദയാഘാതവും അർബുദവും കഴിഞ്ഞാൽ ഇന്ത്യയിലെ പ്രധാന മരണകാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. സ്ട്രോക്കിന്‍റെ ആഘാതങ്ങൾ തിരിച്ചറിയേണ്ടതും അതേക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്. ഇതിനായി എല്ലാ വർഷവും ഒക്ടോബർ 29-ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു.

എന്താണ് സ്ട്രോക്ക്?

മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതോ തടസപ്പെടുന്നതോ ആണ് സ്‌ട്രോക്കിന്‍റെ പ്രധാന കാരണം. രണ്ട് തരത്തിലുള്ള സ്ട്രോക്കുകൾ ഉണ്ട് – രക്തപ്രവാഹം കുറവായതിനാൽ സംഭവിക്കുന്ന ഇസ്കെമിക് സ്ട്രോക്ക്, രക്തസ്രാവം മൂലം സംഭവിക്കുന്ന ഹെമറാജിക് സ്‌ട്രോക്ക്.

സ്ട്രോക്ക് ലക്ഷണങ്ങള്‍ എന്തെല്ലാം?

സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ രോഗിയെ പരിശോധിച്ചശേഷം ഡോക്ടര്‍ സ്ഥിരീകരിക്കും. ചിലപ്പോള്‍ സോഡിയം, ഷുഗര്‍ കുറഞ്ഞാലും സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. എന്തൊക്കെയാണ് ഈ ലക്ഷണങ്ങളെന്ന് ചുവടെ:

• മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം പല ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടാം
• സംസാരത്തിൽ വ്യക്തതയില്ലാതെ വരുകയും പറയുന്നത് കേൾക്കുന്നവർക്ക് മനസിലാവാതെ വരികയും ചെയുക
• പെട്ടെന്ന് സംസാരിക്കാൻ കഴിയാതെ വരിക
• ഒരു ഭാഗത്ത് പെട്ടെന്നുണ്ടാകുന്ന മരവിപ്പ്
• മുഖത്തിനോ കൈകൾക്കോ കാലുകൾക്കോ ഉണ്ടാകുന്ന ബലക്ഷയം അല്ലെങ്കിൽ തളച്ചയും മുഖത്തിന് പെട്ടന് സംഭവിക്കുന്ന കോട്ടവും
• പെട്ടെന്നുണ്ടാകുന്ന ആശയകുഴപ്പം
• ഒരു കണ്ണിനോ രണ്ട് കണ്ണുകൾക്കോ കാഴ്ചക്ക് പ്രേശ്നമുണ്ടാകുക അല്ലെങ്കിൽ രണ്ടായി കാണുക
• പെട്ടെന്ന് കഠിനമായ ഉണ്ടാവുന്ന തലവേദനയും ഛര്‍ദ്ദിയും
• പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം, അപസ്മാരം

സ്ട്രോക്ക് ചികിത്സ

അടുത്ത കാലത്തായി സ്ട്രോക്ക് രോഗികള്‍ക്ക് ആശ്വാസകരമായ നിരവധി വിപ്ലവകരമായ സാങ്കേതികവിദ്യകളും ചികിത്സകളും ഈ രംഗത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് അക്യൂട്ട് സ്ട്രോക്ക് ചികിത്സയിൽ ഗണ്യമായ പുരോഗതിയുമുണ്ടാക്കി.
ചില നൂതന ചികിത്സാരീതികള്‍ പരിചയപ്പെടാം.

IV ത്രോംബോലിസിസ്

ഇസ്കിമിക് സ്ട്രോക്കിനുള്ള നൂതന ചികിത്സയാണ് IV ത്രോംബോലിസിസ്. സ്ട്രോക്ക് ലക്ഷണങ്ങൾ ഉണ്ടായ ശേഷമുള്ള “ഗോൾഡൻ അവേഴ്‌സ്” (4.5 മണിക്കൂർ) അകത്ത് നൽകുന്ന ചികിത്സയാണ് IV ത്രോംബോലിസിസ്.

രക്തം കട്ടപിടിക്കുന്നതിനെ തടയുന്ന മരുന്ന് (ടിപിഎ) നേരിട്ട് രക്തപ്രവാഹത്തിലേക്ക് കുത്തിവയ്ക്കുന്നു. സ്ട്രോക്കിന് കാരണമായ രക്തക്കട്ടയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുകയും അത് തകർക്കുകയും തന്മൂലം തലച്ചോറിന്‍റെ സ്ട്രോക്ക് ബാധിത ഭാഗത്തേക്ക് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലൂടെയാണ് ടിപിഎ പ്രവർത്തിക്കുന്നത്.

ലക്ഷണങ്ങൾ ഉണ്ടായതിനുശേഷം എത്രയും വേഗം IV ത്രോംബോലിസിസ് ചികിത്സ ആരംഭിക്കണം. ഇത് ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും സങ്കീർണതകൾ കുറയ്ക്കുകയും ചെയ്യും. മൂന്നിലൊന്നിൽ താഴെ രോഗികളിൽ മാത്രമേ ഈ ചികിത്സ ഫലപ്രദമാകൂ. മാത്രമല്ല എതാണ്ട് 15% രോഗികളിൽ മാത്രമേ ലക്ഷണങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയുള്ളൂ.

മെക്കാനിക്കൽ ത്രോംബെക്ടമി

തലച്ചോറിലെ രക്തക്കട്ടയുടെ സ്ഥലത്തേക്ക് ‘കത്തീറ്റർ’ നയിക്കുന്ന ഒരു ചെറിയ ശസ്ത്രക്രിയയാണ് മെക്കാനിക്കൽ ത്രോംബെക്ടമി. ഇതിലൂടെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് രക്തക്കട്ടയെ നീക്കം ചെയ്യുകയും രക്തചംക്രമണം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
ഇത് പക്ഷാഘാതത്തിന്റെ തീവ്രത കുറയ്ക്കുകയും രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും അവസ്ഥയും അനുസരിച്ച് ഓരോ രോഗിക്കും വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കൽ ത്രോംബെക്ടമി നടപടിക്രമങ്ങൾ നടത്താം.

സ്ട്രോക്ക് ബാധിച്ച രോഗികളിൽ 50 മുതൽ 60 ശതമാനം വരെ ഈ ചികിത്സയിൽ നിന്ന് പ്രയോജനം നേടുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.

Related posts

വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ്

Aswathi Kottiyoor

സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

Aswathi Kottiyoor

*സോളിഡാരിറ്റി -SIO – ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി : -*

Aswathi Kottiyoor
WordPress Image Lightbox