2022 ഒക്‌ടോബറിന് ശേഷം കാനഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറ്റവും കൂടുതലായതും ഈ സെപ്റ്റംബറിൽ തന്നെയാണ്. ഗുജറാത്തിൽ നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും, അവർ യുഎസിലേക്ക് പ്രവേശിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു സോഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ കാനഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 2,327 അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയതെങ്കിൽ സെപ്റ്റംബറിൽ ഇത് 3,059 ആയി വർധിച്ചു.
ബോർഡറിൽ വെച്ച് പിടിയിലായ 8 കുട്ടികളിൽ നാല് കുട്ടികളോടൊപ്പം ആരും തന്നെയുണ്ടായിരുന്നില്ല. മറ്റ് നാല് കുട്ടികൾക്കൊപ്പം ഓരോ കുടുംബാംഗങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ 530 കുട്ടികളാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പിടിയിലായത്. അവിവാഹിതരായ 2,521 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.